ഐ.എസ്.എല്ലിൽ ഗോവ – ബെംഗളൂരു ഫൈനൽ, ആശ്വാസ ജയവുമായി മുംബൈ

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവ – ബെംഗളൂരു എഫ്‌സി ഫൈനൽ. ഇന്ന് നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തിൽ മുംബൈ സിറ്റിക്ക് ആശ്വാസ ജയം. എങ്കിലും 5-2ന്റെ അഗ്രിഗേറ്റിൽ എഫ്‌സി ഗോവ ഫൈനലിൽ കടന്നു. ബ്രസീലിയൻ താരം റാഫേൽ ബസ്റ്റോസിന്റെ ഗോളിലാണ് മുംബൈ സിറ്റി എഫ്‌സി ഇന്ന് ജയം നേടിയത്. ഫൈനലിൽ എതാൻ സാധിച്ചില്ലെങ്കിലും ഗോവയിൽ നിന്നും തലയുയർത്തി തന്നെയാണ് മുംബൈ സിറ്റി എഫ്‌സി മടങ്ങുന്നത്.

ആദ്യ പാദത്തിൽ 5-1ന്റെ പരാജയം ഏറ്റുവാങ്ങിയതാണ് മുംബൈ സിറ്റിക്ക് തിരിച്ചടിയായത്. ഇന്നത്തെ മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ റാഫേൽ ബസ്റ്റോസിലൂടെ ഗോളടിക്കാൻ മുംബൈക്ക് കഴിഞ്ഞു. ഇസോക്കോയാണ് മുംബൈയുടെ ഗോളിനുള്ള വഴിയൊരുക്കിയത്. മത്സരത്തിലൂടെ നീളം ആധിപത്യം പുലർത്താൻ മുംബൈക്ക് കഴിഞ്ഞു. മുൻ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ നവീനിന്റെ മികച്ച പ്രകടനമാണ് ഗോവയെ കൂടുതൽ ഗോളുകളിൽ നിന്നും രക്ഷിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിന്റെ ഫൈനൽ മുംബൈയിൽ വെച്ചാണ് നടക്കുക. മാർച്ച് 17 നു ബെംഗളൂരു എഫ്സിയും എഫ്‌സി ഗോവയും ആദ്യ കിരീടം നേടാൻ ഏറ്റുമുട്ടും.