ഡല്‍ഹിയില്‍ ആവേശകരമായ ആദ്യ പകുതിയില്‍ ഗോളില്ല

- Advertisement -

ഐഎസ്എല്‍ 2018-19 സീസണിലെ 23ാം മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായ സമനിലയില്‍ പിരിഞ്ഞ് ഡല്‍ഹി ഡൈനാമോസും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികവ് പുലര്‍ത്തിയത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണെങ്കിലും ഗോള്‍ നേടുവാന്‍ മാത്രം ടീമിനായില്ല. ആറാം മിനുട്ടില്‍ ഹൈലാന്‍ഡേഴ്സിന്റെ ഗോള്‍ കീപ്പര്‍ പവന്‍ കുമാറിന്റെ പിഴവ് മുതലാക്കുവാന്‍ കഴിയാതെ പോയത് ഡല്‍ഹിയ്ക്ക് മുന്നിലെത്തുവാനുള്ള അവസരം നഷ്ടമാവുന്നത് കണ്ടു.

ഒഗ്ബചെയുടെ മികവില്‍ നിരന്തരം ആക്രമണം അഴിച്ചുവിടുവാന്‍ നോര്‍ത്തീസ്റ്റിനു സാധിച്ചുവെങ്കിലും ഡല്‍ഹിയുടെ വല ചലിപ്പിക്കുവാന്‍ ടീമിനായില്ല. മത്സരത്തിന്റെ 26ാം മിനുട്ടില്‍ ഡല്‍ഹി ഒരു പെനാള്‍ട്ടി ഭീഷണിയെയും അതിജീവിച്ചു. ഡല്‍ഹിയുടെ മുന്നേറ്റനിരക്കാര്‍ അധികം ബുദ്ധിമുട്ടിച്ചില്ലെങ്കിലും തന്റെ പിഴവുകള്‍ മൂലം നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ പവന്‍ കുമാര്‍ ടീമിന്റെ ക്യാമ്പില്‍ പരിഭ്രാന്തി പരത്തുന്ന രണ്ട് മൂന്ന് അവസരങ്ങള്‍ സൃഷ്ടിച്ചു.

40ാം മിനുട്ടില്‍ നോര്‍ത്തീസ്റ്റിനു ലഭിച്ച അവസരം ഡല്‍ഹി പ്രതിരോധം അവസരത്തിനൊത്തുയര്‍ന്ന് തട്ടിത്തെറിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം ഡല്‍ഹി ഗോള്‍കീപ്പറുടെ മികവില്‍ ടീം ഗോള്‍ വഴങ്ങാതെ രക്ഷപ്പെടുകയായിരുന്നു. ആദ്യ പകുതിയുടെ അവസാനത്തോടു കൂടി ചില അവസരങ്ങള്‍ ഡല്‍ഹിയും സൃഷ്ടിച്ചുവെങ്കിലും ഡല്‍ഹിയില്‍ കളി കാണാനെത്തിയ ആരാധകര്‍ക്ക് മികച്ചൊരു പകുതി ഒരുക്കുവാന്‍ ഇരു ടീമുകള്‍ക്കും ആയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

44ാം മിനുട്ടില്‍ ഗുര്‍വീന്ദര്‍ സിംഗ് പരിക്കേറ്റ് പുറത്തായത് നോര്‍ത്തീസ്റ്റിനു തിരിച്ചടിയായി. പകരം ലാല്‍താതംഗ കളത്തിലിറങ്ങി.

Advertisement