അത്ഭുത ഗോളിൽ ഡെൽഹി ഡൈനാമോസ് മുന്നിൽ!!

ഐ എസ് എല്ലിലെ അഞ്ചാം മത്സരം ആദ്യ പകുതി കഴിയുമ്പോൾ ഡെൽഹി ഡൈനാമോസ് പൂനെ സിറ്റിക്ക് എതിരെ ഒരു ഗോളിന് മുന്നിൽ. വിരസമായ ആദ്യ പകുതിയുടെ അവസാനം ഒരു അത്ഭുത ഗോളാണ് ഡെൽഹിയെ മുന്നിൽ എത്തിച്ചത്. മുൻ മോഹൻ ബഗാൻ താരം റാണ ഗരാമിയാണ് 35 യാർഡ് അകലെ നിന്നുള്ള ഷോട്ടിലൂടെ ഡെൽഹിക്കായി ഗോൾ നേടിയത്. റാണെ ഗരാമിയുടെ ഐ എസ് എൽ അരങ്ങേറ്റമായിരുന്നു ഇത്. മുൻ മോഹൻ ബഗാൻ താരമാണ് ഗരാമി

കാര്യമായ അവസരങ്ങൾ ഒന്നും ഇരുടീമുകളും സൃഷ്ടിക്കാത്ത മത്സരമായിരുന്നു ആദ്യ പകുതിയിൽ കണ്ടത്. മാർസലീനോയുടെ അഭാവത്തിൽ അൽഫാരോ മാത്രമെ പൂനെയുടെ അറ്റാക്കിൽ ഉള്ളൂ എന്നത് പൂനെയെ പിറകിലാക്കി. പൂനെ സിറ്റിക്ക് ഒരു ഷോട്ട് പോലും ഓൺ ടാർഗറ്റിൽ തൊടുക്കാൻ ആദ്യ പകുതിയിൽ ആയില്ല.

ആദ്യ പകുതിയിൽ ഡെൽഹിയുടെ ബിക്രംജിതിന് പരിക്കേൽക്കുകയും ചെയ്തു‌. ബിക്രംജിത്തിന് പകരം വിനീത് റായ് പകരക്കാരനായി എത്തി.

Previous articleറഹീമിനെ നിലനിര്‍ത്താതെ രാജ്ഷാഹി കിംഗ്സ്
Next articleകന്നി അര്‍ദ്ധ ശതകം നേടി ഡെയില്‍ സ്റ്റെയിന്‍, 198 റണ്‍സിനു പുറത്തായി ദക്ഷിണാഫ്രിക്ക