ഇന്ന് മഹാ ഡെർബി, പൂനെയും മുംബൈയും നേർക്ക് നേർ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മഹാ ഡെർബി, പൂനെ സിറ്റി എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ നേരിടും. സെമിഫൈനൽ ഫിക്സ്ചറുകൾ ആയതിനാൽ ഒരു ജയമാണ് മുംബൈയും പൂനെയും ആഗ്രഹിക്കുന്നത്. ബെംഗളൂരു, ഗോവ, നോർത്ത് ഈസ്റ്റ് എന്നിവർക്ക് പുറമെ സെമിയിൽ എത്തിയ ടീമാണ് മുംബൈ സിറ്റി. വിജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് പൂനെയുടെ ശ്രമം. ഇതിനു മുൻപ് 9 തവണ മഹാ ഡെർബിയിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ അഞ്ചു തവണ പൂനെയും 3 തവണ മുംബൈയും ജയിച്ചു. ഇന്ത്യൻ സമയം 7.30pm ആണ് കിക്കോഫ്.

സെമിയിൽ കടന്ന മുംബൈ സിറ്റി എഫ്‌സിക്ക് ആത്മവിശ്വാസം വർധിപ്പിക്കും ഇന്നത്തെ ജയം. ഫൈനൽ നടക്കുന്നത് മുംബൈയുടെ തട്ടകത്തിൽ ആയതിനാൽ ഫൈനലിൽ കടക്കുക എന്നത് ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. സൂപ്പർ താരം മോടു സൊഗുവിനെ പുറത്തിരുത്താനാകും പരിശീലകൻ കോസ്റ്റ ശ്രമിക്കുക. ഇനി ഒരു കാർഡ് കിട്ടിയാൽ ലഭിക്കാവുന്ന സെമിയിൽ സസ്‌പെൻഷൻ ഒഴിവാക്കാനാണത്. ഇതേ കാരണങ്ങൾ കൊണ്ട് തന്നെ സുഭാശിഷ് ബോസ്, മതിയാസ്‌ മിരബാജേ എന്നിവരും കളത്തിന് പുറത്തായിരിക്കും.

ഈ സീസൺന്റെ അവസാനത്തോടടുക്കുമ്പോൾ പൂനെ സിറ്റി മികച്ച ഫോമിലായിരുന്നു. പ്ലേ ഓഫ് യോഗ്യത നേടിയില്ലെങ്കിലും ഇന്ന് സ്വന്തം ആരാധകർക്ക് മുന്നിൽ ജയത്തോടെ സീസൺ ആറാം സ്ഥാനത്ത് അവസാനിപ്പിച്ച് സൂപ്പർ കപ്പിന് യോഗ്യത നേടാനാകും പൂനെ സിറ്റി ശ്രമിക്കുക. ആറാം സ്ഥാനം എ ടികെ- ഡൽഹി ഡൈനാമോസ് മത്സരത്തിന്റെ ഫലം പോലെയിരിക്കും. തുടർച്ചയായ ആറ് മത്സരങ്ങളിൽ അപരാജിതരായി കുതിച്ച ഫിൽ ബ്രൗണിന്റെ പൂനെയെ പരാജയപ്പെടുത്തിയതും ഡൽഹി ഡൈനാമോസ് ആയിരുന്നു. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ നിന്നും 14 പോയന്റ് നേടാൻ പൂനെക്ക് കഴിഞ്ഞിരുന്നു.