പ്രമുഖരില്ലാതെ പൂനെ സിറ്റി ഇന്ന് ഡെൽഹിയിൽ

Newsroom

ഐ എസ് എൽ സീസണിലെ അഞ്ചാം മത്സരത്തിൽ ഇന്ന് ഡെൽഹി ഡൈനാമോസ് പൂനെ സിറ്റിയെ നേരിടും. ഡെൽഹിയിൽ നടക്കുന്ന പോരാട്ടത്തിൽ രണ്ട് പ്രധാന താരങ്ങൾ ഇല്ലാതെയാണ് പൂനെ ഇറങ്ങുക. സൂപ്പർ താരം മാർസലീനോയും ഈ സീസണിൽ പൂനെയിൽ എത്തിയ ഇയാൻ ഹ്യൂമും ആണ് ഇന്ന് ഇല്ലാത്തത്. വിലക്കാണ് മാർസലീനോയെ ഇന്ന് പുറത്ത് ഇരുത്തുന്നത്. പരിക്ക് അലട്ടുന്ന ഇയാൻ ഹ്യൂം ജനുവരി വരെ കളത്തിൽ ഉണ്ടാവില്ല.

മുൻ ഡെൽഹി ഡൈനാമോസ് പരിശീലകനായ മിഗ്വേൽ ആണ് പൂനെ സിറ്റിയുടെ പുതിയ പരിശീലകൻ. മിഗ്വേലിന്റെ ഡെൽഹിയിലേക്കുള്ള മടക്കം കൂടിയാകും ഇത്. ഡെൽഹി ഡൈനാമോസ് പരിശീലകനായി ചുമതലയേറ്റ ജോസഫ് ഗൊമ്പുവയ്ക്ക് കഴിഞ്ഞ സീസണിലെ ഡെൽഹിയിയുടെ ദുരിതം മറികടക്കാൻ ഇത്തവണ ആകുമോ എന്നുള്ള വിലയിരുത്തലും ഇന്ന് നടക്കും. പൊസഷൻ ഫുട്ബോൾ കളിക്കുന്ന ശൈലിയുള്ള ജോസഫ് ഗൊമ്പുവയുടെ കീഴിൽ ഡെൽഹിയുടെ ഫുട്ബോളും എല്ലാവരും ഉറ്റുനോക്കുന്നു.

മലയാളി താരം ആഷിഖ് കുരുണിയന് ആദ്യ ഇലവനിൽ തന്നെ പുതിയ പരിശീലകനും അവസരം നൽകുമെന്നാണ് കരുതുന്നത്. മാർസലീനോയുടെ അഭാവത്തിൽ അൽഫാരോയ്ക്ക് ആകും ആക്രമണത്തിന്റെ മൊത്തം ചുമതല. കഴിഞ്ഞ സീസണിൽ മികച്ച എവേ റെക്കോർഡ് ഉണ്ടായിരുന്നു പൂനെ സിറ്റിക്ക്. ഒരു എവേ മത്സരം മാത്രമാണ് പൂനെ കഴിഞ്ഞ വർഷം പരാജയപ്പെട്ടത്.

ഡെൽഹി കഴിഞ്ഞ സീസണിൽ ഒറ്റുപാട് പിറകിൽ ആയിരുന്നു എങ്കിലും മികച്ച രീതിയിൽ ആയിരുന്നു സീസൺ അവസാനിപ്പിച്ചത്. അവസാന ആറു മത്സരങ്ങളിലും ഡെൽഹി പരാജയപ്പെട്ടിരുന്നില്ല. പൂനെ സിറ്റിക്കെതിരായി മികച്ച റെക്കോർഡ് ഉണ്ട് എന്നതും ഡെൽഹിക്ക് ഇന്ന് ആത്മവിശ്വാസം നൽകുന്നു. പൂനെയുമായി എട്ടു തവണ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ മാത്രമെ ഡെൽഹി തോറ്റിട്ടുള്ളൂ.