പൂനെ സിറ്റിയുടെ പരിശീലകനായിരുന്ന ഫിലിപ്പ് ബ്രൗൺ തന്നെ പുതിയ ക്ലബായ ഹൈദരബാദ് എഫ് സിയിലും തുടരും. പൂനെ ക്ലബ് പിരിച്ചുവിട്ട് ഹൈദരബാദ് എഫ് സി ആയി എങ്കിലും സ്റ്റാഫുകളും താരങ്ങളും ഒക്കെ പുതിയ ക്ലബിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസൺ അവസാനം ഒരു വർഷത്തേക്ക് കൂടെ പൂനെ സിറ്റിയെ പരിശീലിപ്പിക്കാൻ വേണ്ടി പുതിയ കരാറിൽ ബ്രൗൺ ഒപ്പുവെച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഹൈദരബാദിലേക്കും എത്തുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പരിശീലിപ്പിച്ച് കഴിവു തെളിയിച്ചിട്ടുള്ള ഫിലിപ്പ് ബ്രൗൺ കഴിഞ്ഞ സീസൺ ഐ എസ് എല്ലിന്റെ അവസാന കാലത്തായിരുന്നു പൂനെയുടെ പരിശീലകനായി എത്തിയത്. താൽക്കാലിക ചുമതലയിൽ ഉണ്ടായിരുന്ന പ്രദ്ധ്യും റെഡ്ഡിയിൽ നിന്ന് ടീമിനെ ഏറ്റെടുത്ത ബ്രൗൺ സീസൺ അവസാനം മികച്ച പ്രകടനം നടത്തിയിരുന്നു.
പ്രീമിയർ ലീഗ് ക്ലബായ ഹൾ സിറ്റിയുടെ മുൻ പരിശീലകനായിരുന്നു ഫിലിപ്പ് ബ്രൗൺ. ഹൾ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡും ബ്രൗൺ സ്വന്തമാക്കിയിട്ടുണ്ട്. പ്രെസ്റ്റൺ, ബോൾട്ടൻ, ഡെർബി കൗണ്ടി തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.