നോർത്ത് ഈസ്റ്റ് യുണൈറ്റഡും കോച്ചിനെ പുറത്താക്കി

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മുളൻസ്റ്റീൻ പുറത്ത് പോയതിനു തൊട്ടു പിന്നാലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ കോച്ച് ജാവോ ഡി ഡിയസിനെ പുറത്താക്കി. പോയിന്റ് പട്ടികയിൽ ഡൽഹിക്ക് തൊട്ടുമുകളിൽ ഒൻപതാം സ്ഥാനത്ത് ആയതോടെയാണ് നോർത്ത് ഈസ്റ്റ് കോച്ചിനെ പുറത്താക്കാൻ തീരുമാനിച്ചത്. കോച്ചിനോപ്പം സഹ പരിശീലകനായിരുന്ന ജോ പിനോയെയും ക്ലബ് പുറത്താക്കിയിട്ടുണ്ട്. ഗോൾ കീപ്പർ കോച്ച് ജോസഫ് സിദ്ദി താൽകാലികമായി ടീമിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

7 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് നോർത്ത് ഈസ്റ്റിനു ഇതുവരെ നേടാനായത്. 5 മത്സരം നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിലാവസാനിക്കുകയായിരുന്നു. 7 മത്സരങ്ങളിൽ നിന്ന് വെറും 2 ഗോൾ മാത്രം നേടിയതും ഡിയസിന്റെ പുറത്താക്കൽ വേഗത്തിലാക്കി. മികച്ച ആക്രമണ ഫുട്ബോൾ വാഗ്ദാനം ചെയ്ത് നോർത്ത് ഈസ്റ്റിനെ പരിശീലിപ്പിക്കാൻ ഇറങ്ങിയ ഡയസിന് വിജയം നേടിക്കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് ആയി ഡേവിഡ് ജെയിംസ് ചുമതലയേറ്റു. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്ഥാനം ഒഴിഞ്ഞ റെനെ മുളൻസ്റ്റീൻ രാജി വെച്ച ഒഴിവിലേക്കാണ് ഡേവിഡ് ജെയിംസ് പരിഗണിക്കപ്പെട്ടത്.  മുൻ ഇംഗ്ലണ്ട് ഗോൾ കീപ്പറാണ് ജെയിംസ്. 1992 മുതൽ 1999 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി കളിച്ചിട്ടുണ്ട്.

ഐ.എസ്.എൽ  ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ആവുന്നതിനു അനുവാദം നൽകി എന്നാണ് റിപോർട്ടുകൾ.  ഐ എസ് എൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഐക്കൺ പ്ലയറും പരിശീലകനും ആയിരുന്നു ജെയിംസ്. ആദ്യ സീസണിൽ തന്നെ കേരളത്തെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ഡേവിഡ് ജെയിംസ്. 7 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്. ജെയിംസിന്റെ വരവോടെ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്ലാസ്റ്റേഴ്സ് താരങ്ങൾ മികവിലേക്ക് ഉയരേണ്ട സമയമായെന്ന് തങ്ബോയ് സിങ്ടോ

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അവരുടെ മികവിലേക്ക് ഉയരേണ്ട സമയമായെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതലയുള്ള കോച്ച് തങ്ബോയ് സിങ്ടോ. കോച്ച് റെനെ രാജിവെച്ച സാഹചര്യത്തിൽ ടീമിന്റെ ചുമതല ഏറ്റെടുത്ത സിങ്ടോ നാളത്തെ മത്സരത്തിനു മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുക ആയിരുന്നു

കേരള ബ്ലാസ്റ്റേഴ്സിന്റെ കളിക്കാർ മുഴുവനും അവരുടെ മികച്ചത് നൽകണം എന്നും താരങ്ങൾക്കൊക്കെ ഇതിനേക്കാൾ മികച്ച പ്രകടനൻ നടത്താൻ കഴിയുമെന്ന് എല്ലാവർക്കും അറിയാമെന്നും തങ്ബോയ് പറഞ്ഞു. സീസൺ തുടക്കത്തിലേ മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ചതെന്നും ഇനിയെങ്കിലും ആ മികവിലേക്ക് എത്തണമെന്നും തങ്ബോയ് പറഞ്ഞു.

ഏറ്റവും മികച്ച ആരാധകരാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. അവർ എപ്പോഴും ഒപ്പം നിൽക്കുന്നതിന് അവർക്ക് നന്ദി ഉണ്ട് എന്നും വാർത്താ സമ്മേളനത്തിൽ സിങ്ടോ പറഞ്ഞു. കളിക്കാരൊക്കെ ഒരോ മത്സരത്തിന്റേയും പ്രാധാന്യം അറിയാവുന്നവരാണെന്നും അതിന് അവർ അത് നൽകുന്നുണ്ടെന്നും സിങ്ടോ കൂട്ടിചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കളിക്കാതിരുന്നത് ബെംഗളൂരു ആയതു കൊണ്ടല്ല, വിനീതിന് പരിക്ക് തന്നെ

വിനീത് അവസാന മത്സരത്തിൽ ഇറങ്ങാതിരുന്നതിലുള്ള അഭ്യൂഹങ്ങൾക്ക് താരം തന്നെ അവസാനമിട്ടു. എതിരാളികൾ ബെംഗളൂരു എഫ് സി ആയതുകൊണ്ടല്ല താൻ ഇറങ്ങാതിരുന്നത് എന്നു പറഞ്ഞ വിനീത് പരിക്ക് തന്നെയാണ് കളം വിട്ടു നിൽക്കാനുള്ള കാരണം എന്ന് വ്യക്തമാക്കി.

കളിക്ക് മുമ്പേയുള്ള പരിശീലനത്തിൽ ഗ്രോയിൻ ഇഞ്ച്വറി ആവുകയായിരുന്നു. പ്രസ് മീറ്റുകൾ നേരത്തെ കഴിഞ്ഞതിനാലാണ് പരിക്കിനെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കാൻ പറ്റാഞ്ഞത് എന്നും സി കെ വിനീത് അറിയിച്ചു. താൻ ഒരു പ്രൊഫഷണൽ ഫുട്ബോളർ ആണെന്നും എതിരാളികൾ ആരാണെന്നു നോക്കി തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ല എന്നും വിനീത് പറഞ്ഞു.

ഒരുപാട് പേർ ചോദിക്കുന്നതു കൊണ്ടാണ് ഇപ്പൊൾ ഇങ്ങനെ ഒരു വിശദീകരണം നൽകുന്നത് എന്ന് പറഞ്ഞ സികെ പരിക്ക് ഭേദമാകാൻ കുറച്ച് സമയം കൂടെ എടുക്കും എന്നും അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രതീക്ഷകളൊക്കെ ബാക്കി, ബ്ലാസ്റ്റേഴ്സ് ഹൃദയം പോലും ജയിക്കാതെ റെനെ മടങ്ങി

റെനെ മുളൻസ്റ്റീൻ ആണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്താൻ പോകുന്നത് എന്നറിഞ്ഞപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആകെ ഒരുണർവുണ്ടായിരു‌ന്നു. അലക്സ് ഫെർഗൂസന്റെ ശിഷ്യനിൽ നിന്ന് പലതും ഫുട്ബോൾ ആരാധകർ പ്രതീക്ഷിച്ചു. ചുരുങ്ങിയത് മികച്ച ബ്രാൻഡ് ഓഫ് ഫുട്ബോൾ എങ്കിലും.

റെനെ മുളൻസ്റ്റീൻ ആദ്യം മുതൽ ഉറപ്പു പറഞ്ഞതും അതായിരുന്നു. അറ്റാക്കിംഗ് ഫുട്ബോൾ, വൺ ടച്ച് ഫുട്ബോൾ ഒക്കെ ആകും തന്റെ ടീം കളിക്കുക. അതാണ് താൻ ആഗ്രഹിക്കുന്നത് എന്ന്. മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിച്ചപ്പോഴാണ് ആദ്യമായി റെനെക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്. താരങ്ങളുടെ പ്രായവും, ആരാധകരുടെ ഇഷ്ട താരങ്ങളായ വിദേശ താരങ്ങൾക്ക് അവസരം നൽകാത്തതും ആയിരുന്നു വിമർശന കാരണം.

പക്ഷെ ആ വിമർശനങ്ങൾ ഒക്കെ പെട്ടെന്ന് അടങ്ങി. സീസൺ തുടങ്ങും മുമ്പ് തന്നെ ബ്രൗണിന് പരിക്കേറ്റത് റെനെയ്ക്ക് വലിയ തിരിച്ചടിയായി എന്ന് പറയാം. ഒരുപക്ഷെ ബ്രൗണും ബെർബയും ഒന്നിച്ച് കളത്തിൽ ഇറങ്ങിയിരുന്നേൽ റെനെയുടെ തന്ത്രങ്ങൾക്ക് വേറെ ഫലങ്ങൾ കിട്ടിയേനെ. രണ്ടു പേരുടേയും പരിക്ക് അത് നടക്കാതിരിക്കാൻ കാരണമായി.

ഒരു ജയം മാത്രമെ ഉള്ളൂ എന്നതല്ല പരാജയത്തിലും സമനിലയിലും എന്തിന് ജയിച്ച മത്സരത്തിൽ പോലും മികച്ചൊരു പ്രകടനം നടത്താൻ റെനെയുടെ കേരള ബ്ലാസ്റ്റേഴ്സിന് ആയിരുന്നില്ല. എന്നിട്ടും കാര്യമായ വിമർശനങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നു വന്നില്ല എന്നതിന് ആരാധകരോട് നന്ദി പറയണം റെനെ.

ഇയാൻ ഹ്യൂമിനെ കളത്തിൽ അധികം ഇറക്കാത്തതിന് മാത്രമാണ് റെനെ ആരാധകരിൽ നിന്ന് വിമർശനങ്ങൾ ഇതുവരെ ഏറ്റുവാങ്ങിയത്. ഏഴു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം ഉള്ള റെനെയ്ക്ക് 2015ൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പീറ്റർ ടൈലറിനേക്കാൾ മോശം ജയ ശരാശരിയാണ്. എന്തായാലും മികച്ച ടീം കോച്ച് ആണ് എന്നത് ഒരാളെ മികച്ച പരിശീലകനാക്കില്ല എന്നതിനുള്ള ഉദാഹരണമായി തന്റെ അടുത്ത ക്ലബ് വരെയെങ്കിലും റെനെ മുളൻസ്റ്റീൻ തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനെ ബ്ലാസ്റ്റേഴ്സ് വിട്ടതിൽ അത്ഭുതം എന്ന് ഹെങ്ബർട്ട്

കേരള ബ്ലാസ്റ്റേഴ്സ് മാനേജർ റെനെ മുളൻസ്റ്റീന്റെ രാജി തന്നെ അത്ഭുതപ്പെടുത്തി എന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സെഡറിക് ഹെങ്ബർട്ട്. ട്വിറ്ററിലാണ് ഹെങബർട്ട് റെനെയുടെ രാജി വാർത്തയോട് പ്രതികരിച്ചത്. രണ്ടു സീസണുകളും ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ച താരമാണ് ഹെങ്ബർട്ട്.

ഇന്നലെയാണ് ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ ക്ലബുമായി ചർച്ച ചെയ്ത് രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റെനെ ക്ലബിന്റെ ചുമതല ഏറ്റെടുത്ത സമയത്ത് നിരവധി ആരാധകർ ഹെങ്ബർട്ടിനെ ക്ലബിൽ എത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. താരവും അന്ന് കേരളത്തിൽ എത്താൻ സന്നദ്ധത അറിയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിനോ ആന്റോയ്ക്ക് ഇന്ന് പിറന്നാൾ, ആശംസയുമായി ആരാധകരും വിനീതും

കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് റിനോ ആന്റോ ഇന്ന് പിറന്നാൾ ആഘോഷിക്കുന്നു. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആയി കളത്തിന് പുറത്താണ് റിനോ ആന്റോ എങ്കിലും താരത്തിന് മികച്ച ഒരു വർഷം തന്നെ നേരുകയാണ് ആരാധകരും സഹതാരങ്ങളും.

റിനോയുടെ പിറന്നാൾ ആശംസയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ തുടക്കമിട്ടത് സി കെ വിനീതായിരുന്നു. തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ് റിനോ എന്ന് കുറിച്ചായിരുന്നു സി കെയുടെ പിറന്നാൾ ആശംസ.

സികെയ്ക്കു പിറകെ ആരാധകരും ആശംസകളുമായി ഒപ്പം കൂടി.

മുൻ ബ്ലാസ്റ്റേഴ്സ് താരമായ ഇഷ്ഫാഖ് അഹമ്മദും ട്വിറ്റർ വഴി റിനോയെ പിറന്നാൾ ആശംസകൾ അറിച്ചു.

പരിക്ക് മാറി എത്രയും പെട്ടെന്ന് റിനോ കളത്തിൽ തിരിച്ചെത്തുമെന്നാണ് പിറന്നാൾ ആശംസകൾ നേരുന്നതിനിടെയും ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡേവിഡ് ജെയിംസ് കൊച്ചിയിൽ, ലക്ഷ്യം ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനമോ?

റെനെ മുളൻസ്റ്റീൻ ഒഴിഞ്ഞ സ്ഥാനത്തേക്ക് ആരെത്തും എന്ന ആകാംക്ഷയിൽ ഇരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷയേകി മുൻ ബ്ലാസ്റ്റേഴ്സ് കോച്ചും കളിക്കാരനുമായ ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ് ഇന്നലെ കൊച്ചിയിൽ എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാകാനാണോ ഡേവിഡ് ജെയിംസ് എത്തിയത് എന്നത് ഇപ്പോഴും ചോദ്യമായി തുടരുകയാണ്.

സാമൂഹിക മാധ്യമങ്ങളിക് ജെയിംസിന്റെ കൊച്ചി എയർപ്പോട്ടിൽ നിന്നുള്ള ചിത്രങ്ങൾ പ്രചരിക്കുന്നുമുണ്ട്. എന്നാൽ ഡേവിഡ് ജെയിംസ് തന്റെ ഏഷ്യൻ ടൂറിന്റെ ഭാഗമായാണ് കേരളത്തിൽ എത്തിയത് എന്നാണ് സൂചനകൾ. കുറച്ച് ദിവസങ്ങളായി ഏഷ്യൻ പര്യടനത്തിലാണ് ഈ മുൻ ഇംഗ്ലീഷ് ടീം ഗോൾകീപ്പർ. ഹോങ്കോങ്, മകാവോ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചാണ് ജെയിംസ് ഇപ്പോൾ കൊച്ചിയിൽ എത്തിയിരിക്കുന്നത്.

എന്നാൽ റെനെ രാജി പ്രഖ്യാപിച്ച ദിവസം തന്നെ ജെയിംസ് എത്തിയത് എല്ലാവരെയും ആശയകുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. ഐ എസ് എൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഐക്കൺ പ്ലയറും പരിശീലകനും ആയിരുന്നു ജെയിംസ്. ആരാധകർക്കും ജെയിംസ് പ്രിയങ്കരനാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനെ പോയി, റെനെ കൊണ്ടു വന്ന താരങ്ങളോ?

മോശം പ്രകടനമായിരുന്നു എങ്കിലും റെനെ മുളൻസ്റ്റീന്റെ രാജി ഫുട്ബോൾ ലോകത്തിന് അപ്രതീക്ഷിതമായിരുന്നു. റെനെ രാജി വെക്കാനുള്ള കാരണം മാനേജ്മെന്റിന്റെ സമ്മർദ്ദമാണെന്നും ടീമിനകത്തെ രാഷ്ട്രീയമാണെന്നും ഒക്കെ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. പക്ഷെ ഇതിന്റെ ഒക്കെ ഇടയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആശങ്ക ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ വിദേശ താരങ്ങളെ കുറിച്ചാകും.

റെനെ മുളൻസ്റ്റീൻ കൊണ്ടുവന്ന സൂപ്പർ സൈനിംഗ്സ് ആയ ഡിമിറ്റാർ ബെർബറ്റോവും വെസ് ബ്രൗണും ടീമിനെ വിട്ടുപോകുമോ എന്നതാണ് പുതിയ ആശങ്ക. ഇരുതാരങ്ങളും റെനെ മുളൻസ്റ്റീൻ എന്ന കോച്ച് ഒരൊറ്റ കാരണം കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ബെർബറ്റോവും ബ്രൗണും വിവിധ സന്ദർഭങ്ങളിൽ അത് വ്യക്തമാക്കിയിട്ടും ഉണ്ട്.

പരിക്കേറ്റ ബെർബറ്റോവ് അവസാന നാലു മത്സരങ്ങളായി ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല. താരം കരാർ റദ്ദാക്കും എന്നും ഇനി തിരിച്ച് ടീമിനൊപ്പം വരില്ല എന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. ജനുവരിയിൽ എട്ടാം വിദേശ താരത്തെ സൈൻ ചെയ്യാൻ ഇരിക്കുന്ന ബ്ലാസ്റ്റേഴ്സിന് പുതിയ തലവേദന ആവുകയാണ് റെനെയുടെ രാജി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മുളൻസ്റ്റീൻ രാജി വെച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ റെനെ മുളൻസ്റ്റീൻ രാജിവെച്ചു. 2017 ജൂലൈ മാസമാണ് റെനെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ചുമതലയേറ്റത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിൽ എന്നാണ് അറിയാൻ കഴിയുന്നത്.

ബെംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 3-1 ന് തോറ്റിരുന്നു. 7 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഐ.എസ്.എല്ലിൽ ടീമിന് ഇതുവരെ ഒരു വിജയം മാത്രമാണ് നേടാനായത്. രണ്ട് മത്സരങ്ങൾ തോറ്റപ്പോൾ നാല് മത്സരങ്ങൾ സമനിലയിൽ കലാശിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിസൾട്ട് നോക്കാതെ ബ്ലാസ്റ്റേഴ്സിനൊപ്പം നിൽക്കാൻ മഞ്ഞപ്പടയോട് ബെംഗളൂരു കോച്ച്

ബെംഗളൂരു എഫ് സിയുടെ പരിശീലകനായ ആൽബർട്ട് റോക്കയെ ഇന്നലെ തെല്ലൊന്നുമല്ല ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ഭുതപ്പെടുത്തിയത്. തന്റെ ടീമിനായി കിലോമീറ്ററുകൾ സഞ്ചരിച്ച് എത്തിയ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ അഭിനന്ദിക്കും മുന്നേ റോക്ക അഭിനന്ദിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ആയിരുന്നു. ഇത്രയും വലിയ പിന്തുണ നൽകി ഫുട്ബോളിനെ സജീവമാക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അഭിനന്ദനം എന്നാണ് റോക്ക ഇന്നലെ മത്സര ശേഷം പറഞ്ഞത്.

മത്സരഫലം എന്തായാലും ഈ ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം നിൽക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ബെംഗളൂരു ബോസ് പറഞ്ഞു. 4 വർഷമായി ഫലം നോക്കാതെ ബെംഗളൂരു ആരാധകർ ബെംഗളൂരു എഫ് സിയുടെ കൂടെ ഉണ്ടെന്നും അതുപോലെ മഞ്ഞപ്പടയും തുടരണം എന്നാണ് റോക്ക പറഞ്ഞത്.

ഇന്നലത്തെ വിജയം തനിക്ക് അത്യാവശ്യമായിരുന്നു എന്നും. ബെംഗളൂരു ആരാധകർ അത് അർഹിക്കുന്നു എന്ന് റോക്ക കൂട്ടിചേർത്തു. ഫുട്ബോൾ ആരാധകരില്ലാതെ ഒന്നുമല്ല എന്നും റോക്ക പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കലിപ്പ് അടങ്ങുന്നില്ല എന്നിട്ടല്ലെ കപ്പ്

കേരള ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിക്കുന്നത്. കലിപ്പ് അടക്കണം കപ്പ് അടിക്കണം എന്നു പറഞ്ഞു പുതിയ സീസണായി ഒരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സീസൺ പകുതിയോടടുക്കുമ്പോഴും ഒരു താളവും കളത്തിൽ കിട്ടിയിട്ടില്ല എന്നതാണ് സത്യം. 8 മത്സരങ്ങളിൽ വെറും 1 ജയം മാത്രമെ ഉള്ളൂ എന്നത് തന്നെ ആരുടെയും കലിപ്പ് അടക്കാൻ റെനെ മുളൻസ്റ്റീനും സംഘത്തിനും ഇതുവരെ ആയിട്ടില്ല എന്നതിന് തെളിവാണ്.

കഴുത്ത് അറ്റ് വീണാലും ബ്ലാസ്റ്റേഴ്സിനു വേണ്ടി ശബ്ദം മുഴക്കുന്ന ആരാധകർ മാത്രമാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ കപ്പടിക്കണം എന്ന രണ്ടാമത്തെ ആഗ്രഹത്തിന് ജീവൻ ബാക്കിയുണ്ടാകാനുള്ള ഒരേയൊരു കാരണം. എന്ത് നടന്നാലും അഹങ്കരിക്കാൻ ആരാധകർ ഉണ്ട് എന്ന മയക്കത്തിലാണോ കളിക്കാർ എന്നതാണ് ചോദ്യം.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ ഇത്തിരി തപ്പി തടഞ്ഞപ്പോഴും ടീമിനു വേണ്ടി മയ്യും മനസ്സും മറന്ന് കളിക്കുന്ന കുറേ കളിക്കാർ ടീമിനൊപ്പം ഉണ്ടായിരുന്നു. ഹെങ്ബർട്ടിനു ക്യാപ്റ്റൻ ഹ്യൂസിനും ഉൾപ്പെടെയുള്ളവർ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതും അതുകൊണ്ടാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഈ‌ സീസണിൽ ഇതുവരെ കളത്തിൽ ആ ആത്മാർത്ഥത കാണാനില്ല.

ഒരു കൂട്ടം മടിയന്മാരെ പോലെയാണ് കളിക്കാർ കളിക്കുന്നത്. ഒരു ഗോളിന് പിറകിൽ ആയാൽ പോലും പന്തുമായി മുന്നേറാനുള്ള ആവേശമോ 50-50 പന്തുകൾ വിജയിക്കാനുള്ള ശ്രമോ ബ്ലാസ്റ്റേഴ്സിന്റെ ടീമിൽ നിന്ന് കാണാനില്ല. കളി കഴിഞ്ഞും കളിക്കു മുന്നേയും സാമൂഹിക മാധ്യമങ്ങളിൽ ആരാധകരെ‌ നല്ലതു പറഞ്ഞാൽ വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാം എന്ന ആശ്വാസത്തിലാണ് കളിക്കാർ എന്നു തോന്നും.

ഒരുപാട് പ്രതീക്ഷയോടെ എത്തിയ റെനെ മുളൻസ്റ്റീനും കാര്യമായ ചലനങ്ങൾ ഫുട്ബോൾ സ്റ്റൈലിൽ പോലും ബ്ലാസ്റ്റേഴ്സ് ടീമിൽ കൊണ്ടുവരാൻ ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം. മിഡ്ഫീൽഡിൽ ഒരു നല്ല കൂട്ടുകെട്ട് കണ്ടെത്താൻ വരെ ബ്ലാസ്റ്റേഴ്സിന് ഇതുവരെ ആയില്ല. ഡിഫൻഡറായ കരിയറിന്റെ അവസാനത്തിൽ നിൽക്കുന്ന ബ്രൗണിനെ മിഡ്ഫീൽഡിൽ കൊണ്ടുവരേണ്ട ഗതികേടിലാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സ്.

എട്ടാമത്തെ സൈനിംഗ് ആയ വിദേശ മിഡ്ഫീൽഡർ എത്തുന്നതോടെ മിഡ്ഫീൽഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നു കരുതാം, എന്നാലും കിടക്കുന്നു ഒരായിരം പ്രശ്നങ്ങൾ വേറെയും. ഏറ്റവും കൂടുതൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വെറുത്തിരുന്ന ബെംഗളൂരുവിനോട് വളരെ ദയനീയമായി പരാജയപ്പെട്ടിട്ടും ആരാധകർ പിറകിൽ ഉണ്ടെങ്കിൽ അവർ ഇതിലും മികച്ചത് അർഹിക്കുന്നു കേരള ബ്ലാസ്റ്റേഴ്സ്.

എതിരാളികളൊക്കെ വന്നു അത്ഭുതപെട്ട്, ബഹുമാനിക്കുകയും നന്ദി പറയുകയും ചെയ്ത ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടത്തിനോട് ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരും ഇത്തിരി ബഹുമാനവും നന്ദിയും കാണിക്കണം. കാണിച്ച് തുടങ്ങണം. ഇല്ലായെങ്കിൽ കലിപ്പ് പോലും അടങ്ങില്ല കപ്പ് അവിടെ നിക്കട്ടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version