പ്രധാന താരങ്ങളിൽ പലതും ക്ലബ് വിട്ടത് കൊണ്ട് തന്നെ വലിയ അഴിച്ചു പണി എഫ് സി ഗോവയ്ക്ക് നടത്തേണ്ടതുണ്ട്. ആ അഴിച്ചു പണിയുടെ ഭാഗമായി ഒരു ഗംഭീര താരത്തെ തന്നെ എഫ് സി ഗോവ സൈൻ ചെയ്തിരിക്കുകയാണ്. മുൻ അത്ലറ്റിക്കോ മാഡ്രിഡ് ബി താരമായ ജോർഗെ ഓർട്ടിസ് ആണ് എഫ് സി ഗോവയുനായി കരാർ ഒപ്പുവെച്ചത്. 28കാരനായ താരം എഫ് സി ഗോവയിൽ രണ്ട് വർഷത്തെ കരാറാണ് ഒപ്പുവെച്ചത്.
മുംബൈ സിറ്റി അടക്കമുള്ള ക്ലബുകൾ ഓർട്ടിസിനായി രംഗത്തുണ്ടായിരുന്നു. എഫ് സി ഗോവയ്ക്ക് ഒപ്പം ചേർന്നാൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആകും എന്നതാണ് ഓർട്ടിസിനെ ഗോവയിൽ എത്തിച്ചത്. രണ്ടു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ് ഒർട്ടിസ്. അവസാന സീസണിൽ സെഗുണ്ട ഡിവിഷൻ ക്ലബായ അത്ലറ്റിക്കോ ബലേറസിലായിരുന്നു താരം കളിച്ചത്. അവിടെ ഈ കഴിഞ്ഞ സീസണിൽ 28 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ നേടാൻ താരത്തിനായി. ഗെറ്റഫെ അക്കാദമിയിലൂടെ വളർന്ന താരം സ്പാനിഷ് ക്ലബുകളായ സി വൈ ഡി ലിയോണസ, ആൽബെസെറ്റ വി, റിയൽ ഒവിയേഡോ എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.