ഒരിടവേളയ്ക്ക് ശേഷം സ്കോറിങ് പാടവം വീണ്ടെടുത്ത ഒഗ്ബെചെ വീണ്ടും എതിർ വല നിറച്ചപ്പോൾ ഹൈദരാബാദ് എഫ്സിക്ക് തുടർച്ചയായ അഞ്ചാം വിജയം. ഒഗ്‌ബെച്ചെയുടെ ഹാട്രിക് മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അവർ എഫ്സി ഗോവയെ വീഴ്ത്തി. ഗോവയുടെ ആശ്വാസ ഗോൾ റെഡിം ത്ലാങ് നേടി. ഇതോടെ ഒരു മത്സരം കുറച്ചു കളിച്ച മുംബൈയെ മറികടന്ന് ഹൈദരാബാദ് തൽക്കാലികമായി ഒന്നാം സ്ഥാനത്തേക്ക് കയറി. ഗോവ അഞ്ചാമതാണ്.
സ്വന്തം തട്ടകത്തിൽ ഗോവ ആയിരുന്നു ആദ്യ പകുതിയിൽ പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങൾ ഒരുക്കുന്നതിലും മുമ്പിട്ടു നിന്നത്. എന്നാൽ ഒരൊറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാൻ അവർക്കായില്ല. ഹൈദരാബാദിനാവട്ടെ സൃഷ്ടിച്ചെടുത്ത രണ്ട് അവസരങ്ങൾ ധാരാളമായിരുന്നു. രണ്ടാം മിനിറ്റിൽ തന്നെ ഹാലിച്ചരണിന്റെ ഹാന്റ്ബാളിൽ ഗോവ പെനാൽറ്റിക്ക് അപ്പീൽ ചെയ്‌തെങ്കിലും റഫറി നിരാകരിച്ചു. ഗോവയുടെ മികച്ചൊരു നീക്കത്തിനോടുവിൽ എഡു ബെഡിയയുടെ പാസ് നിയന്ത്രിക്കാൻ ഗ്വാറോച്ചെന്ന ബോക്സിലേക്ക് ഓടിയെങ്കിലും ഓഫ്സൈഡ് വിധിക്കപ്പെട്ടു. പത്തൊൻപതാം മിനിറ്റിൽ ദോഹ്ലിങ്ങിന്റെ ക്രോസിൽ നോവ സദോയിക്ക് ഹെഡർ ഉതിർക്കാൻ ആയെങ്കിലും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. തൊട്ടടുത്ത മിനിറ്റിൽ ഹൈദരാബാദ് ലീഡ് നേടി. കൗണ്ടർ അറ്റാക്കിലൂടെ എത്തിയ ബോളിൽ ഹാലിച്ചരൺ തൊടുത്ത ക്രോസിൽ ശക്തമായ ഹെഡർ ഉതിർത്ത് ഒഗ്‌ബെച്ചെ ഹൈദരാബാദിന് ഗോൾ സമ്മാനിച്ചു. ഇടവേളക്ക് മുൻപ് ആയുഷ് ഛേത്രിയെ വീഴ്ത്തിയതിന് ക്യാനീസെ മഞ്ഞക്കാർഡ് കണ്ടു.
രണ്ടാം പകുതിയിൽ അൻപത്തിനാലാം മിനിറ്റിൽ ഗോവ സമനില ഗോൾ കണ്ടെത്തി. ഇടത് വിങ്ങിൽ നോവ സദോയിയുടെ ക്രോസിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു സ്ലൈഡിങ്ങിലൂടെ റെഡിം ത്ലാങ് പന്ത് വലയിൽ എത്തിച്ചു. ശേഷം ഇരു ടീമുകളും സബ്സ്റ്റിട്യൂട്ടുകളെ ഇറക്കി മത്സരം കൈപ്പിടിയിൽ ആക്കാൻ ശ്രമിച്ചു. പിന്നീടും ഗോവക്ക് ചെറിയ മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും അവർക്ക് ഗോൾ കണ്ടെത്താനായില്ല. എഴുപതിയൊൻപതാം മിനിറ്റിൽ ഗോവയുടെ ബോക്സിനുള്ളിൽ എത്തിയ ബോൾ എതിർ താരത്തിന്റെ കാലിൽ തട്ടി ഓഗബെച്ചേയിലേക്ക് എത്തിയപ്പോൾ താരത്തിന് അനായാസം ലക്ഷ്യം കാണാൻ സാധിച്ചു. പിന്നീട് തൊണ്ണൂറാം മിനിറ്റിൽ റബീഹിന്റെ ക്രോസിൽ ഹെഡർ ഉതിർത്ത് ഓഗ്ബെച്ചേ ഹാട്രിക് പൂർത്തിയാക്കി.