ഐ എസ് എല്ലിൽ തങ്ങളുടെ സീസൺ അവസാനിച്ചു എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട്. ഗോൾഡൻ ബൂട്ട് ആണ് ആ പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ ഒഗ്ബെചെ ഗോൾഡൻ ബൂട്ട് നേടുന്നതും കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. ഇനി സെമി ഫൈനലിന്റെ അവസാന പാദവും ഫൈനലും മാത്രമാണ് ഇനി ഐ എസ് എല്ലിൽ അവശേഷിക്കുന്നത്. ഇപ്പോഴും ഒഗ്ബെചെ തന്നെയാണ് ഗോൾഡൻ ബൂട്ട് പോരിൽ ഒന്നാമത് ഉള്ളത്.
ഒഗ്ബെചെ ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. 14 ഗോളുകൾ വീതമടിച്ച കോറോയും റോയ് കൃഷണയും ആണ് ഒഗ്ബെചെയുടെ പിറകിൽ ഉള്ളത്. കോറോ 16 മത്സരങ്ങളിൽ നിന്നും റൊയ് കൃഷ്ണ 19 മത്സരങ്ങളിൽ നിന്നുമാണ് 14 ഗോളുകൾ അടിച്ചത്. ഇരുവർക്കും ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട്. 13 ഗോളുകളടിച്ച ചെന്നൈയിന്റെ വാൽസ്കിസും ഇപ്പോഴും ഗോൾഡൻ ബൂട്ട് പ്രതീക്ഷയിൽ തന്നെയാണ്. ഒഗ്ബെചെ ഗോൾഡൻ ബൂട്ട് നേടുകയാണെങ്കിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ കേരള ബ്ലാസ്റ്റേഴ്സ് താരമായി ഒഗ്ബെചെ മാറും.