കരാര്‍ നീട്ടി: ദെനെചന്ദ്ര മെയ്‌തെ 2024 വരെ കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, മെയ് 6, 2021: ടീമിന്റെ പ്രതിരോധ താരം ദെനെചന്ദ്ര മെയ്‌തെയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സന്തോഷപൂര്‍വം അറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2024 വരെ ലെഫ്റ്റ് ബാക്ക് താരം ടീമില്‍ തുടരും. മണിപ്പൂരില്‍ നിന്നുള്ള 27കാരനായ ദെനെചന്ദ്ര, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്നു. 2020 ഓഗസ്റ്റ് 5നാണ് ട്രാഉ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കൊപ്പം ചേര്‍ന്നത്. കഴിഞ്ഞ സീസണില്‍ ക്ലബിനായി ആറു മത്സരങ്ങളും കളിച്ചു.

പത്താം വയസില്‍, പ്രാദേശിക സ്റ്റേഡിയത്തില്‍ പന്തുതട്ടി ഫുട്‌ബോള്‍ ജീവിതം തുടങ്ങിയ ദെനെചന്ദ്ര, ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂര്‍ ഫുട്‌ബോള്‍ ടീമിന്റെ ഭാഗമായതോടെ പ്രൊഫഷണല്‍ അഭിരുചി നേടി. മോഹന്‍ ബഗാന്‍ അത്‌ലറ്റിക് ക്ലബ്ബിലെയും, ഒഡീഷയിലെ സാംബല്‍പൂര്‍ അക്കാദമിയിലെയും ഹ്വസ്വകാല പരിശീലനത്തിന് ശേഷം പൂനെ എഫ്‌സിയില്‍ ചേര്‍ന്നു. ടീമിനൊപ്പം രണ്ടു തവണ അണ്ടര്‍-19 ഐ ലീഗ് കിരീടം നേടി. ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതിന് മുമ്പ് ചര്‍ച്ചില്‍ ബ്രദേഴ്‌സ്, നെറോക്ക എഫ്‌സി, ട്രാഉ എഫ്‌സി എന്നീ ഐ ലീഗ് ടീമുകളില്‍ സ്ഥിര സാനിധ്യമായിരുന്നു.

ദുഷ്‌ക്കരമായ സാഹചര്യങ്ങള്‍ക്കിടയിലും കെബിഎഫ്‌സിക്കൊപ്പമുള്ള എന്റെ ആദ്യ സീസണ്‍ മികച്ച അനുഭവമായിരുന്നുവെന്ന് ദെനെചന്ദ്ര മെയ്‌തെ പറഞ്ഞു. ക്ലബുമായുള്ള കരാര്‍ നീട്ടിയതില്‍ ഞാന്‍ സന്തുഷ്ടനാണ്, അടുത്ത വര്‍ഷം ഞങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സീസണ്‍ ലഭിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ക്ലബ്ബിന്റെ മികച്ച ആരാധകൂട്ടത്തെ ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ താരം വീട്ടില്‍ തന്നെ സുരക്ഷിതരായി തുടരാനും ആരാധകരോട് ആഹ്വാനം ചെയ്തു.

ഐഎസ്എലിനായി, ദൃഢതയും സ്ഥിരതയുമുള്ള താരമാണ് ദെനചന്ദ്രയെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. തന്റെ കളിയില്‍ ചില വശങ്ങള്‍ താരം മെച്ചപ്പെടുത്തേണ്ടതുണ്ട്, എന്നാല്‍ കഴിഞ്ഞ സീസണില്‍ അദ്ദേഹം വളരെയധികം കഴിവുകള്‍ പ്രകടമാക്കി. താരം മെച്ചപ്പെടുന്നത് തുടരാന്‍ എനിക്ക് ആഗ്രഹമുണ്ട്, തുടര്‍ യാത്രയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.