ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ ഡിഫൻസിനെ കീഴ്പ്പെടുത്താൻ പ്രയാസപ്പെടുമ്പോൾ ആയിരുന്നു നിഹാൽ സുധീഷ് എന്ന 21കാരന കളത്തിലേക്ക് എത്തുന്നത്. 70ആം മിനുട്ടിൽ രാഹുലിന് പകരം നിഹാൽ കളത്തിൽ എത്തിയത് മുതൽ ഒഡീഷയ്ക്ക് തലവേദന സൃഷ്ടിക്കാൻ തുടങ്ങി. നിഹാലിന്റെ ആദ്യ നീക്കം സഹലിന്റെ ഒരു ത്രൂ ബോൾ കണക്ട് ചെയ്യാൻ ആയിരുന്നു. തന്റെ 100% തന്നെ നൽകി ഡൈവ് ചെയ്തെങ്കിലും നിഹാലിന് അത് കണക്ട് ചെയ്യാൻ ആയില്ല. ആ നീക്കം മുതൽ അങ്ങോട്ട് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർ ആക്രമണങ്ങൾ വന്നത്.
മറ്റൊരു സബ്ബായ ബ്രൈസിന്റെ ക്രോസിൽ നിന്ന് സന്ദീപ് ഗോൾ കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സ് ഇന്ന് ലീഡ് എടുത്തു. ലീഡ് എടുത്ത ശേഷം ഒഡീഷക്ക് ഒരു അവസരം പോലും കിട്ടിയില്ല എന്ന് പറയാം. നിഹാലിന്റെ നിരന്തരമായ അറ്റാക്കിംഗ് റണ്ണുകൾ ഒഡീഷക്ക് വലതു വിങ്ങിൽ തലവേദനയായി. നിഹാലിന്റെ ജിയാന്നുവിനായുള്ള ഒരു അളന്നു മുറിച്ചുള്ള പാസ് കേരളത്തിന് രണ്ടാം ഗോൾ നൽകിയേനെ. എന്നാൽ റഫറി ആ നീക്കം ഓഫ്സൈഡാണെന്ന് തെറ്റായി വിധിക്കുകയാണ് ഉണ്ടായത്.
ഇതിനു ശേഷം രണ്ട് സൂപ്പർ റണ്ണുകളും ഷോട്ടുകളും നിഹാലിൽ നിന്ന് കാണാൻ ആയി. ആദ്യ ഇടം കാലൻ ഷോട്ട് ചെറിയ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്. അതിനു ശേഷം വന്ന ഷോട്ട് അമ്രീന്ദർ സേവ് ചെയ്തത് താരത്തിന്റെ ആദ്യ സീനിയർ ഗോൾ ദൂരെയാക്കി. ഗോൾ വന്നില്ല എങ്കിലും ഇന്നത്തെ നിഹാലിന്റെ കാമിയോ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ഏറെയാണ്. ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് നിഹാൽ.