ഒഡീഷയിലേറ്റ പരാജയത്തിന് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ കണക്കു തീർത്തു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരം അവസാനിക്കാൻ നാലു മിനുട്ട് മാത്രം ഇരിക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയ ഗോൾ നേടിയത്.
ഇന്ന് ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങളിൽ ഇരു ടീമുകളും കാര്യമായി സൃഷ്ടിച്ചിരുന്നില്ല. ഒഡീഷ എഫ് സിക്ക് എതിരെ ഡിഫൻസിൽ ഊന്നിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ കളിച്ചത്. ലൂണയ്ക്കോ കലിയുഷ്നിക്കോ ഒന്നും ദിമിത്രസിന് അറ്റാക്കിൽ നല്ല അവസരങ്ങൾ നൽകാൻ ആയില്ല.
ഒഡീഷയും കാര്യമായ അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ കൂടുതൽ ഓപ്പൺ ആയ പോരാട്ടം കാണാൻ ആയി. കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. സഹൽ ആയിരുന്നു പല അറ്റാക്കുകളും ആരംഭിച്ചത്. സബ്ബായി ഇറങ്ങിയ നിഹാലിന് സഹൽ ഒരു നല്ല അവസരം ഒരുക്കി കൊടുത്തു എങ്കിലും നിഹാലിന് ഫുൾ സ്ട്രെച്ച് ചെയ്തിട്ടും ആ ബോൾ കണക്ട് ചെയ്യാൻ ആയില്ല.
ഇതിനു പിന്നാലെ ജെസ്സലിന്റെ ഒരു ഷോട്ട് അമ്രീന്ദർ സേവ് ചെയ്തു. തുടർച്ചയായി വന്ന സഹലിന്റെ ആക്രൊബാറ്റിക്ക് ശ്രമം പുറത്ത് പോയി.
82ആം മിനുട്ടിൽ ലൂണ എടുത്ത ഒരു തന്ത്രപരമായ ഫ്രീകിക്ക് ജെസ്സലിന് അവസരം നൽകി. ജെസ്സലിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. റീബൗണ്ടിൽ ഗോൾ ആക്കി മാറ്റാൻ ലെസ്കോവിചിന് അവസരം വന്നെങ്കിലും ഒഴിഞ്ഞ പോസ്റ്റിൽ പന്ത് എത്തിക്കാൻ ലെസ്കോവിചിനായില്ല.
അധികം വൈകിയില്ലം ബ്ലാസ്റ്റേഴ്സ് 86ആം മിനുട്ടിൽ ലീഡ് എടുത്തു. അമ്രീന്ദർ സിങിന്റെ ഒരു പിഴവാണ് കേരള ബ്ലാസ്റ്റേഴ്സിന് ഗുണമായത്. ബ്രൈസിന്റെ ക്രോസ് പിടിക്കാൻ അമ്രീന്ദറിനായില്ല. ഫാർ പോസ്റ്റിൽ എത്തിയ സന്ദീപ് ഫ്രീ ഹെഡർ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0.
പിന്നെ വിജയം ഉറപ്പിക്കാനുള്ള പോരാട്ടം ആയിരുന്നു. അവസാന വിസിൽ വരെ പൊരുതി കൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. അവസാന ഏഴ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞിട്ടില്ല. 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഒഡീഷ ആറാം സ്ഥാനത്താണ്.