ഐ എസ് എല്ലിൽ ഇന്നത്തെ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷ എഫ് സി മുന്നിട്ടു നിൽക്കുകയാണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡീഷ മുന്നിൽ നിൽക്കുന്നത്. ഇന്ന് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. കളി തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. രാഹുലിന്റെ ഒരു ഹെഡറിൽ നിന്ന് പന്ത് ലഭിച്ച ജോർദൻ മറെ ഒരു വളരെ കഷ്ടപ്പാടുള്ള ആങ്കിളിൽ നിന്ന് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു.
എന്നാൽ ഈ ലീഡ് ആസ്വദിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് അധിക നേരം ആയില്ല ഒരു സെൽഫ് ഗോളിലൂടെ ഒഡീഷ 22ആം മിനുട്ടിൽ സമനില പിടിച്ചു. മൗറീസിയോ ഡിയേഗോയുടെ ഒരു ക്രോസ് ഫീൽഡ് ബോൾ വലിയ ഡിഫ്ലക്ഷനോടെ വലയിലേക്ക് കയറുക ആയിരുന്നു. ഇതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് തുടർ ആക്രമണങ്ങൾ നടത്തി എങ്കിലും ഗോൾ വന്നില്ല. സഹലിന്റെയും രാഹുലിന്റെയും ഷോട്ടുകൾ ഒഡീഷ കീപ്പർ അർഷദീപ് സിങ് സമർത്ഥമായി സേവ് ചെയ്തു. മറുവശത്ത് ആൽബിനോ ഗോമസും ഒരു നല്ല സേവ് നടത്തി.
പക്ഷെ 42ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഒഡീഷ ലീഡ് നേടി. ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലർ ആണ് ഒഡീഷയ്ക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ കൂടുതൽ അറ്റാക്ക് നടത്തി കളി തിരിച്ചു പിടിച്ചില്ല എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇത് വളരെ മോശം രാത്രി ആയി മാറും.