ഹൈദരാബാദിന്റെ എട്ട് മത്സരങ്ങൾ നീണ്ട തോൽവി അറിയാത്ത യാത്രക്ക് അവസാനം കുറിച്ചു കൊണ്ട് ഒഡീഷക്ക് സ്വന്തം തട്ടകത്തിൽ തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡീഷ നിലവിലെ ഐഎസ്എൽ ചാംപ്യന്മാരെ വീഴയത്തിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ബെംഗളൂരുവിനെ മറികടന്ന് ആറാം സ്ഥാനത്തേക്ക് കയറി പ്ലേഓഫ് സാധ്യതകൾ നിലനിർത്താനും ഒഡീഷക്കായി.
രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദിനെ വിറപ്പിക്കുന്ന തുടക്കം ആയിരുന്നു ഒഡീഷ പുറത്തെടുത്തത്. നന്ദകുമാറിന്റെയും ഡീഗോ മൗറിസിയോയുടെയും തുടർച്ചയായ ശ്രമങ്ങൾ തടഞ്ഞ് ഗുർമീത് സിങ് ഹൈദരാബാദിന്റെ രക്ഷക്കെത്തി. മുപ്പതിമൂന്നാം മിനിറ്റിൽ ഐസക് റാൽതെയിൽ നിന്നും സീസണിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നിൽ ഒഡീഷ ലീഡ് എടുത്തു. പെഡ്രോയുടെ പാസിൽ ഇടത് ഭാഗത്ത് ബോക്സിന് വാരകൾ അകലെ നിന്നും റാൾതെ പോസ്റ്റിലേക്ക് തൊടുത്തു വിട്ട മനോഹരമായ ഷോട്ട് വളഞ്ഞു വലയിലേക്ക് താഴ്ന്നിറങ്ങിയപ്പോൾ കീപ്പർക്ക് തടയിടാൻ ആയില്ല. എന്നാൽ മേധാവിത്വം പുലർത്തിയ ഒഡീഷക്ക് തിരിച്ചടി നൽകിക്കൊണ്ട് ഇടവേളക്ക് തൊട്ടുമുൻപ് നിം ഡോർജിയുടെ ഗോളിൽ സമനില നേടി. കിയാനിസെയുടെ ഫ്രീകിക്കിൽ നിന്നെത്തിയ ബോൾ കുത്തി ഉയർന്നപ്പോൾ ഹെഡർ ഉതിർത്താണ് താരം ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ പന്ത് കൈവശം വെക്കാൻ ആയിരുന്നു ഹൈദരാബാദിന്റെ ശ്രമം. എങ്കിലും ഒഡീഷ തന്നെ അവസരങ്ങൾ സൃഷ്ടിച്ചു. എഴുപതിയൊന്നാം മിനിറ്റിൽ ഒഡീഷയുടെ രണ്ടാം ഗോൾ എത്തി. ബോക്സിനുള്ളിൽ നിന്നും നന്തകുമാറിന്റെ ഷോട്ട് നേരെ ക്ലിയർ ചെയ്യാനുള്ള നിം ഡോർജിയുടെ ശ്രമം പാളിയപ്പോൾ കാലിൽ തട്ടിയ പന്ത് വലയിലേക്ക് വഴിമാറി. ഹൈദരാബാദിന്റെ പെട്ടിയിലെ അവസാന ആണിയായി ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഡീഗോ മൗറീസിയോ പട്ടിക തികച്ചു. ബോക്സിലേക്ക് ഉയർന്നു വന്ന പാസ് നെഞ്ചിൽ സ്വീകരിച്ചു ശ്രമകരമായ ആംഗിളിൽ നിന്നാണ് താരം ലക്ഷ്യം കണ്ടത്.
ഹൈദരാബാദിന് ജയിക്കാൻ സാധിച്ചിരുന്നെങ്കിൽ പ്ലേഓഫ് ഉറപ്പിക്കമായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇതോടെ ഇനിയും കാത്തിരിക്കണം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ. ബെംഗളൂരുവിനും ഈ ഫലം സമ്മർദ്ദമേറ്റും. ഇന്നതെ വിജയത്തോടെ ഒഡീഷ ആറാം സ്ഥാനത്തേക്ക് കയറി. പ്ലേഓഫ് സാധ്യത നിലനിർത്താൻ നാളെ ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയം കാണേണ്ടതും അനിവാര്യമാണ്. ഇതോടെ നാളെ ബെംഗളൂരുവിൽ വെച്ചു നടക്കുന്ന മത്സരം ആവേഷകരമാകും.