ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾ മഴ പെയ്യിച്ച മത്സരത്തിൽ ഒഡിഷ എഫ്.സിക്ക് ജയം. ഈസ്റ്റ് ബംഗാളിനെയാണ് ഒഡിഷ എഫ്.സി നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപിച്ചത്. കഴിഞ്ഞ വർഷം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ഗോൾ മഴയായിരുന്നു ഫലം. മത്സരത്തിന്റെ തുടക്കത്തിൽ ഈസ്റ്റ് ബംഗാൾ ആണ് ആദ്യം ഗോൾ നേടിയത്. സിഡോൾ ആണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ഗോൾ നേടിയത്. എന്നാൽ അധികം വൈകാതെ ഒഡിഷ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മത്സരത്തിന്റെ 33,40 മിനിറ്റുകളിൽ ഗോൾ നേടിയ ഹെക്ടർ റാമിറസ് ഒഡീഷയെ മത്സരത്തിൽ മുൻപിലെത്തിക്കുകയായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഹാവിയർ ഹെർണാഡസിലൂടെ ഒഡിഷ സ്കോർ 3-1 ആക്കുകയും ചെയ്തു.
രണ്ടാം പകുതിയിലും ഗോളടി തുടർന്ന ഒഡിഷ മത്സരത്തിന്റെ 71മത്തെ മിനുറ്റിൽ അരിദായിലൂടെ നാലാമത്തെ ഗോൾ നേടിയതോടെ മത്സരം അവസാനിച്ചെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ തോംഗോസിംഗ് ഹാകിപ്പിലൂടെ ഈസ്റ്റ് ബംഗാൾ ഗോൾ മടക്കി സ്കോർ 4-2 ആക്കി. എന്നാൽ മത്സരത്തിൽ ഗോളടി നിർത്തില്ലെന്ന് ഉറപ്പിച്ച ഒഡിഷ എഫ്.സി വീണ്ടും ഈസ്റ്റ് ബംഗാൾ ഗോൾ വല കുലുക്കിയതോടെ സ്കോർ 5-2 ആയി. ഇത്തവണ ഇസാക് റാൾട്ടെയാണ് ഒഡിഷക്ക് വേണ്ടി ഗോൾ നേടിയത്. തുടർന്ന് മിനിറ്റുകളുടെ വിത്യസത്തിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി 2 ഗോളുകൾ തിരിച്ചടിച്ച് ചുക്വു മത്സരത്തിന്റെ സ്കോർ 5-4 ആക്കിയെങ്കിലും അരിദായുടെ രണ്ടാമത്തെ ഗോളോടെ ഒഡിഷ 6-4ന് മത്സരത്തിൽ ജയം ഉറപ്പിക്കുകയായിരുന്നു.