അവസരങ്ങൾ തുലച്ച് കളഞ്ഞതിന്റെ വേദനയിൽ കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റിനോട് സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിൽ നടക്കുന്ന ഐ എസ് എൽ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു എന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വിശ്വസിക്കാൻ ആവില്ല. ഗോളടിക്കാനും ജയിക്കാനും ഉള്ള ഗംഭീര അവസരങ്ങൾ സൃഷ്ടിച്ചും വിജയം സ്വന്തമാക്കാൻ ആവാതെ ആണ് ബ്ലാസ്റ്റേഴ്സ് കളി അവസാനിപ്പിച്ചത്.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ട നോർത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റേഴ്സും ഇന്ന് വളരെ കരുതലോടെയാണ് കളി ആരംഭിച്ചത്. ഇരു ടീമുകളും ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ സൃഷ്ടിക്കാനും പരാജയപ്പെട്ടു. ഒരു ഗോൾ കീപ്പർമാർക്കും ആദ്യ പകുതിയിൽ കാര്യമായി അധ്വാനിക്കേണ്ടി വന്നില്ല.

36ആം മിനുട്ടിൽ ലൂണയുടെ പ്രസിൽ നിന്ന് ഡിയസിന് കിട്ടിയ അവസരം താരത്തിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഗോളെന്ന് ഉറച്ച അവസരമാണ് താരം ടാർഗറ്റിൽ പോലും അടിക്കാതെ കളഞ്ഞത്.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മികച്ച അവസരം സൃഷ്ടിച്ചു. വിൻസിയുടെ മുന്നേറ്റത്തിന് ഒടുവിൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ താരം പന്ത് സഹലിന് കൈമാറി. ടാർഗറ്റിലേക്ക് അടിച്ചിരുന്നു എങ്കിലും എന്തായാലും ഗോളായേനെ എന്ന അവസരം പക്ഷെ സഹൽ പുറത്തടിച്ചു കളഞ്ഞു. ഇതിനു പിന്നാലെ ഡിയസിനും ഒരു അവസരം ലഭിച്ചു അതും ഗോളായി മാറിയില്ല. വിൻസിയുടെ ഒരു ലോങ് റേഞ്ചറും ഗോളിനടുത്ത് എത്തി.

83ആം മിനുട്ടിൽ വാസ്കസിന്റെ ഗോളെന്ന് ഉറച്ച ഹെഡർ സുഭാഷിഷ് ലോകോത്തര സേവിലൂടെ അകറ്റിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ രാത്രിയല്ല ഇതെന്ന് വ്യക്തമായി.

ഇന്ന് നന്നായി കളിച്ചിട്ടും അവസരങ്ങൾ സൃഷ്ടിച്ചിട്ടും വിജയിക്കാൻ ആയില്ല എന്നത് ബ്ലാസ്റ്റേഴ്സിന് വലിയ നിരാശ നൽകും. വിൻസി ബരേറ്റോയുടെ പ്രകടനം ആകും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറ്റവും സന്തോഷം നൽകുന്നത്. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു പോയിന്റിൽ നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും.