അവസാന നിമിഷം നോർത്ത് ഈസ്റ്റിന് ജയം, ഗോവക്ക് വീണ്ടും പരാജയം

20211204 212939

ഐ എസ് എല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് എഫ് സി ഗോവയെ പരാജയപ്പെടുത്തി. അവസാന നിമിഷം പിറന്ന ഗോളിൽ 2-1ന്റെ വിജയമാണ് നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 10ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് ലീഡ് എടുത്തു. റോചെർസേല ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ഈ ഗോളിന് മൂന്ന് മിനുട്ടുകൾക്ക് അകം ഗോവ മറുപടി നൽകി. ഗോവക്ക് വേണ്ടി ജേസുരാജ് ആണ് സമനില ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഈ ഗോളിന് ശേഷം നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ ഗോവക്ക് ആയിരുന്നു. പക്ഷെ സുഭാഷി റോയിയുടെ മികച്ച സേവുകൾ കളി 1-1 എന്ന് നിർത്തി.

രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് നല്ല അവസരങ്ങൾ ഉണ്ടാക്കി. കൗററിന്റെ രണ്ട് ഷോട്ടുകൾ ആണ് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയത്. ഇതിൽ ഗ്രൗണ്ടിന്റെ മധ്യത്ത് നിന്ന് തൊടുത്ത ഒരു ഷോട്ട് ഗോൾ ആവാത്തത് ഫുട്ബോൾ ആരാധകർക്ക് ആകെ നിരാശ നൽകി. നോർത്ത് ഈസ്റ്റിന്റെ അറ്റാക്കുകൾക്ക് അവസാന നിമിഷം ഫലം കിട്ടി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ഖാസ കമാര നോർത്ത് ഈസ്റ്റിന് വിജയം നൽകി. നോർത്ത് ഈസ്റ്റിന്റെ സീസണിലെ ആദ്യ വിജയമാണിത്. മൂന്നിൽ മൂന്നും പരാജയപ്പെട്ട ഗോവ ലീഗിൽ അവസാന സ്ഥാനത്താണ് ഉള്ളത്‌.

Previous articleവിയ്യറയലിന്റെ പതനം തുടരുന്നു, സെവിയ്യ ജയത്തോടെ ലാലിഗയിൽ രണ്ടാമത്
Next articleഎ സി മിലാൻ സീരി എയിൽ ഒന്നാമത്