വിയ്യറയലിന്റെ പതനം തുടരുന്നു, സെവിയ്യ ജയത്തോടെ ലാലിഗയിൽ രണ്ടാമത്

Newsroom

വിയ്യറയലിന്റെ ഈ സീസണിലെ ദയനീയ ഫോം തുടരുന്നു. ഇന്ന് സെവിയ്യക്ക് മുന്നിലും വിയ്യറയൽ പരാജയപ്പെട്ടു. സെവിയ്യയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സെവിയ്യ വിജയിച്ചത്. വിയ്യറയൽ ഈ സീസണിൽ ഒരു എവേ മത്സരം പോലും വിജയിച്ചിട്ടില്ല. ഇന്ന് കളിയുടെ 16ആം മിനുട്ടിൽ അകുനയുടെ പാസിൽ നിന്ന് ഒകാമ്പസ് ആണ് സെവിയ്യയുടെ വിജയ ഗോൾ നേടിയത്. ഈ വിജയം സെവിയ്യയെ ലാലിഗയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി. 15 മത്സരങ്ങളിൽ നിന്ന് 31 പോയിന്റ് ആണ് സെവിയ്യക്ക് ഉള്ളത്. സീസണിൽ ഇതുവരെ ആകെ മൂന്ന് വിജയം മാത്രം ഉള്ള വിയ്യറയൽ 16 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്.