നെക്സ്റ്റ് ജെൻ കപ്പ് ജൂലൈയിൽ, കേരള ബ്ലാസ്റ്റേഴ്സ് ബ്രിട്ടണിലേക്ക് ഫസ്റ്റ് ടീം താരങ്ങളെയും അയക്കും

ബ്രിട്ടണിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പ് ജൂലൈ 26ന് ആരംഭിക്കും. ഐ എസ് എൽ റിസേർവ്സ് ടീമുകൾ പങ്കെടുത്ത ഡെവലപ്മെന്റ് ലീഗിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്ത ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും ആണ് ഇന്ത്യയിൽ നിന്ന് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ജൂലൈ 22ന് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും യു കെയിലേക്ക് യാത്ര തിരിക്കും.

കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീമിലെ ചില താരങ്ങളെയും റിസേർവ്സ് ടീമിനൊപ്പം യു കെയിലേക്ക് അയക്കും എന്നാണ് സൂചനകൾ. അണ്ടർ 21 ടൂർണമെന്റാണ് നെക്സ്റ്റ് ജൻ കപ്പ് എങ്കിലും 21നു മുകളിൽ ഉള്ള 23ന് താഴെ ഉള്ള 2 താരങ്ങളെയും ടീമിൽ ഉൾപ്പെടുത്താൻ ആകും. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീമിലെ ചില താരങ്ങളെയും ടൂർണമെന്റിന് അയക്കും.

ഐ എസ് എല്ലും പ്രീമിയർ ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാകും ഈ ടൂർണമെന്റ് നടക്കുക. 2020ൽ മുംബൈയിൽ വെച്ച് നെക്സ്റ്റ് ജെൻ കപ്പ് നടന്നിരുന്നു. പ്രീമിയർ ലീഗ് ക്ലബുകളുടെ റിസേർവ്സ് ടീമുകൾ ആകും ഈ ടൂർണമെന്റിൽ പങ്കെടുക്കുക.