മോഹൻ ബഗാനെ കൊൽക്കത്തയിൽ വീഴ്ത്തി മുംബൈ സിറ്റി ISL ചാമ്പ്യൻസ്!!

Newsroom

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈയിലേക്ക്. ഇന്ന് ആവേശകരമായ ഫൈനലിന് ഒടുവിൽ മുംബൈ സിറ്റി ഐ എസ് എൽ കിരീടം ഉയർത്തി. ഇന്ന് കൊൽക്കത്തയിൽ വെച്ച് മോഹൻ ബഗാനെ തോൽപ്പിച്ച് ആണ് മുംബൈ സിറ്റി കിരീടം നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-1നാണ് മുംബൈ വിജയിച്ചത്. നേരത്തെ ഐ എസ് എൽ ഷീൽഡ് മോഹൻ ബഗാനു മുന്നിൽ നഷ്ടപ്പെട്ടതിന്റെ പകവീട്ടൽ കൂടി ആയി ഇത്.

Picsart 24 05 04 20 59 15 046

ഇന്ന് ഇരു ടീമുകളും മികച്ച രീതിയിൽ ആണ് ആദ്യ പകുതിയിൽ കളിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് തവണ മുംബൈ സിറ്റിയുടെ ചാങ്തെയുടെ ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി. ആദ്യ പകുതിയുടെ അവസാനം കമ്മിംഗ്സിലൂടെ ആണ് മോഹൻ ബഗാൻ ലീഡ് എടുത്തത്. ആദ്യ പകുതി മോഹൻ ബഗാൻ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ മുംബൈ സിറ്റി തുടക്കത്തിൽ തന്നെ തിരിച്ചടിച്ചു. 53ആം മിനുട്ടിൽ പെരേര ഡിയസിലൂടെ ആയിരുന്നു മുംബൈ സിറ്റി തിരിച്ചടിച്ചത്. ഇതിനു ശേഷം രാഹുൽ ബെകെയിലൂടെ ഒരു സുവർണ്ണാവസരം മുംബൈക്ക് ലഭിച്ചു എങ്കിലും ഷോട്ട് ലക്ഷ്യം കണ്ടില്ല.

Picsart 24 05 04 21 21 07 239

മത്സരത്തിന്റെ 81ആം മിനുട്ടിൽ ബിപിൻ സിംഗിലൂടെ മുംബൈ സിറ്റി ആദ്യമായി ലീഡ് എടുത്തു. താരത്തിന്റെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ഇഞ്ച്വറി ടൈമിൽ വോചസിലൂടെ മൂന്നാം ഗോൾ കൂടെ മുംബൈ സിറ്റി നേടിയതോടെ വിജയവും കിരീടവും ഉറപ്പായി.

മുംബൈ സിറ്റിയുടെ രണ്ടാം ഐ എസ് എൽ കിരീടമാണിത്.