അവസാന രണ്ടു സീസണുകളിലും മുംബൈ സിറ്റിയുടെ അമരത്ത് ഉണ്ടായിരുന്ന കോസ്റ്റാറിക്കൻ പരിശീലകൻ അലക്സാണ്ടർ ഗുയിമാറസ് സ്ഥാനം ഒഴിഞ്ഞു. ക്ലബും മാനേജറും സംയുക്തമായാണ് ഈ തീരുമാനത്തിൽ എത്തിയത്. 2016 സീസൺ തുടക്കത്തിൽ മുംബൈയിൽ എത്തിയ ഗുയിമാറസ് ആദ്യ സീസണിൽ മുംബൈ സിറ്റിയിൽ അത്ഭുതങ്ങൾ തീർത്തിരുന്നു. ലീഗ് ഘട്ടത്തിൽ മുംബൈ സിറ്റിയെ ഒന്നാമത് ആണ് ആ സീസണിൽ ഗിയിമാറസ് എത്തിച്ചത്. മുംബൈയുടെ ഐ എസ് എല്ലിൽ ആദ്യ പ്ലേ ഓഫും ആ സീസണിൽ ആണ് സാധ്യമായത്.
എന്നാൽ കഴിഞ്ഞ സീസണിൽ ടീം ഡ്രാഫ്റ്റിലൂടെ വീണ്ടും പുതുതായി ഉണ്ടാക്കേണ്ടി വന്നത് പരിശീലകന് വെല്ലുവിളിയായി. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്ത് എത്താനെ മുംബൈക്ക് ആയിരുന്നുള്ളൂ. 18 മത്സരങ്ങളിൽ ഏഴെണ്ണം മാത്രം വിജയിച്ച മുംബൈ സിറ്റി ആകെ 23 പോയന്റാണ് സ്വന്തമാക്കിയത്. സൂപ്പർ കപ്പിന് യോഗ്യത നേടാൻ പോലും മുംബൈ സിറ്റിക്കായില്ല. ഇതാണ് പുതിയ പരിശീലകനെ തേടാൻ മുംബൈയെ പ്രേരിപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial