പുതുവർഷത്തിൽ തോൽവി അറിയാതെ കുതിക്കുന്ന ബെംഗളൂരുവിന്റെ ഫോമിനുമുന്നിൽ തകർന്ന് വീണ് സാക്ഷാൽ മുംബൈ സിറ്റിയും. സീസണിൽ തോൽവി അറിയാതെ പതിനെട്ടു മത്സരങ്ങൾ പിന്നിട്ട മുംബൈ സിറ്റിയെ ഛേത്രി, ഹാവി എന്നിവർ നേടിയ ഗോളിലൂടെയാണ് ബെംഗളൂരു മറികടന്നത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ഹാവിയുടെ മികവ് ടീമിന്റെ പ്രകടനത്തിന് വലിയ പിൻബലം പകർന്നു. തുടർ ജയവുമായി മുന്നേറുന്ന ബെംഗളൂരു ഗോൾ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കും കയറി.
തകർപ്പൻ ഫോമിലുള്ള രണ്ടു ടീമുകൾ തമ്മിലുള്ള ഏറ്റു മുട്ടലിൽ ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. തുടക്കത്തിൽ ബെംഗളൂരു തന്നെ മുൻകൈ നേടിയപ്പോൾ മുംബൈ പതിയെ താളം കണ്ടെത്തി മത്സരത്തിന്റെ ആവേശം കണ്ടെത്തി. ഒൻപതാം മിനിറ്റിൽ ജാവി ഹെർണാണ്ടസിന്റെ ത്രൂ ബോൾ ഛേത്രിക്ക് നിയന്ത്രിക്കാൻ സാധിക്കാതെ പോയി. പതിനാലാം മിനിറ്റിൽ ബോക്‌സിന് പുറത്തു നിന്നും താരം തൊടുത്ത ഷോട്ടും കീപ്പർ രക്ഷിച്ചെടുത്തു. നാല്പത്തി മൂന്നാം മിനിറ്റിൽ ബിപിനിലൂടെ മുംബൈക്ക് ലഭിച്ച മികച്ചൊരു അവസരത്തിൽ ഗോളി മാത്രം മുന്നിൽ തൊടുത്ത ഷോട്ട് ഗുർപ്രീത് സിങ് തടുത്തു. ഇഞ്ചുറി ടൈമിൽ ജാവിയുടെ ഫ്രകിക്കിൽ ബ്രൂണോക്ക് ലഭിച്ച ഹെഡർ അവസരവും ലക്ഷ്യം കണ്ടില്ല.
രണ്ടാം പകുതിയിലും ബെംഗളൂരു ആക്രമണം തുടർന്നു. നാല്പത്തിയൊൻപതാം മിനിറ്റിൽ ജാവിയുടെ മറ്റൊരു ഫ്രീകിക്കിൽ രോഹിതിന് ടച്ച് ചെയ്യാൻ സാധിച്ചില്ല. അൻപതിയേഴാം മിനിറ്റിൽ ആദ്യ ഗോൾ എത്തി. ജാവി എടുത്ത കോർണറിൽ പതിയിരുന്ന ശേഷം കുതിച്ച ഛേത്രി പോസിറ്റിന് തൊട്ടുമുൻപിൽ നിന്നും തൊടുത്ത ഹെഡർ അനായാസം വലയിലേക്ക് കയറി. ഒരിടവേളയ്ക്ക് ശേഷം ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ താരത്തിന്റെ സീസണിലെ രണ്ടാമത്തെ മാത്രം ഗോൾ ആയിരുന്നു ഇത്. എഴുപതാം മിനിറ്റിൽ ബെംഗളൂരു രണ്ടാം ഗോൾ കണ്ടെത്തി. ഇടത് ഭാഗത്ത് ബോക്സിന് അകലെ നിന്നും എതിർ താരങ്ങളെ ഒന്നൊന്നായി മറികടന്ന് ബോക്സിലേക്ക് ഓടിക്കയറിയ ജോവാനോവിച്ച് പോസ്റ്റിന് മുന്നിലേക്കായി നൽകിയ നിലം പറ്റെയുള്ള പാസ് ജാവി ശക്തിയേറിയ ഷോട്ടിലൂടെ പോസ്റ്റിലേക്ക് തൊടുത്തപ്പോൾ സിറ്റി പ്രതിരോധം അന്തിച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഏഴു മിനിറ്റിനു ശേഷം മുർത്തദ ഫാളിന്റെ ഗോളിലൂടെ മുംബൈ സിറ്റി ഒരു ഗോൾ തിരിച്ചു നേടി. ഗ്രിഫിത്തിന്റെ ശ്രമത്തിൽ പോസ്റ്റിന് മുന്നിൽ വെച്ചു കാൽ വെച്ചാണ് താരം ഗോൾ ഉറപ്പിച്ചത്. പിന്നീട് സമനില ഗോളിനായി സിറ്റി ശ്രമങ്ങൾ നടത്തി. റൗളിൻ ബോർജസിന്റെ ഫ്രീകിക്കിലും മുംബൈയെ ഭാഗ്യം തുണച്ചില്ല.