ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയോട് പരാജയപ്പെട്ടു. പെപ്രയുടെ ചുവപ്പ് കാർഡ് നിർണായകമായ മത്സരത്തിൽ 4-2 എന്ന സ്കോറിനാണ് മുംബൈ സിറ്റി വിജയിച്ചത്. ഒരു ഘട്ടത്തിൽ 2-0ന് പിറകിൽ ആയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് 2-2 എന്ന് തിരിച്ചു വരവ് നടത്തിയതിനു പിന്നാലെ ആയിരുന്നു ചുവപ്പ് കാർഡ് വന്നത്.
മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ നികോളിസ് കരെലിസ് മുംബൈ സിറ്റിക്ക് ലീഡ് നൽകി. ആദ്യ പകുതിയിൽ ഈ ലീഡ് തുടർന്നു. ബ്ലാസ്റ്റേഴ്സിന് അത്ര നല്ല ആദ്യ പകുതി ആയിരുന്നില്ല. രണ്ടാം പകുതിയിൽ തുടക്കത്തിൽ മുംബൈ സിറ്റിക്ക് ഒരു പെനാൾറ്റിയും ലഭിച്ചു. അതും കരേലിസ് ലക്ഷ്യത്തിൽ എത്തിച്ചതോടെ സ്കോർ 2-0 എന്നായി.
ഇതിനു ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. 57ആം മിനുട്ടിൽ പെപ്ര ഒരു പെനാൾറ്റി വിജയിച്ച് ബ്ലാസ്റ്റേഴ്സിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ജിമിനസ് ആ പെനാൾറ്റി ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1. ആക്രമണം തുടർന്ന ബ്ലാസ്റ്റേഴ്സ് 72ആം മിനുട്ടിൽ സമനില കണ്ടെത്തി. ഒരു മനോഹരമായ നീക്കത്തിന് ഒടുവിൽ ലൂണ നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഹെഡറിലൂടെ പെപ്ര വലയിൽ എത്തിച്ചു. സ്കോർ 2-2.
എന്നാൽ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. ഗോൾ ആഘോഷങ്ങൾക്ക് ഇടയിൽ ജേഴ്സി ഊരിയ പെപ്രയ്ക്ക് രണ്ടാം മഞ്ഞ കാർഡ് കിട്ടി. ചുവപ്പ് വാങ്ങി പെപ്ര പുറത്തേക്ക്. ബ്ലാസ്റ്റേഴ്സ് 10 പേരായി ചുരുങ്ങി.
ഇത് മുതലെടുത്ത് മുംബൈ സിറ്റി 75ആം മിനുട്ടിൽ ലീഡ് തിരിച്ചെടുത്തു. റോഡ്രിഗസിന്റെ മികച്ച ഫിനിഷ് സോം കുമാറിനെ കീഴ്പ്പെടുത്തുകയായിരുന്നു. സ്കോർ 3-2. 90ആം മിനുട്ടിൽ മറ്റൊരു പെനാൾറ്റി കൂടെ ലക്ഷ്യത്തിൽ എത്തിച്ച് ചാങ്തെ മുംബൈയുടെ ലീഡ് ഉയർത്തി.
ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ 8 പോയിന്റുമായി ഏഴാം സ്ഥാനത്തും മുംബൈ സിറ്റി 9 പോയിന്റുമായി ആറാമതും നിൽക്കുന്നു.