ഇന്നും റഫറി പതിവു പോലെ, മോഹൻ ബഗാൻ ഹൈദരബാദ് മത്സരം സമനിലയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ മറ്റൊരു റഫറിയിംഗ് അബദ്ധം കണ്ട മത്സരത്തിൽ മോഹൻ ബഗാനും ഹൈദരബാദും സമനിലയിൽ പിരിഞ്ഞു‌. ഇന്ന് നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പ്രബിർ ദാസ് നടത്തിയ ഒരു ഫൗളിന് ചുവപ്പ് കാർഡ് ലഭിക്കാത്തത് എല്ലാവരെയും അത്ഭുതപ്പെടുത്തി. പ്രബിർ ദാസ് ആകാശ് മിശ്രയുടെ മുഖത്ത് ചവിട്ടിയത് തീർത്തും ഒരു ചുവപ്പ് കാർഡ് ലഭിക്കേണ്ട ഫൗൾ ആയിരുന്നു.

ഇന്നലെ ഫൗൾ അല്ലാത്ത ടാക്കിളിന് ഈസ്റ്റ് ബംഗാൾ താരമായ ലിങ്ദോഹിന് ചുകപ്പ് കാർഡ് നൽകിയത് വിവാദമായിരുന്നു. ഐ എസ് എല്ലിൽ ഈ സീസണിൽ ഇതുവരെ റഫറിയിംഗ് വളരെ മോശമാണെന്നാണ് പരിശീലകരും ഫുട്ബോൾ ആരാധകരും ഒരേ പോലെ പറയുന്നത്. ചുവപ്പ് കാർഡ് ലഭിക്കാത്തത് മോഹൻ ബഗാന് ആശ്വാസമായി.

മത്സരത്തിലെ രണ്ടു ഗോളുകളും വന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. 54ആം മിനുട്ടിൽ ഇന്ത്യൻ യുവതാരം മൻവീർ സിങ് ആണ് എ ടി കെയെ മുന്നിൽ എത്തിച്ചത്. ഈ ഗോളിൽ പതറാത്ത ഹൈദരബാദിന് ഒരു പെനാൾട്ടിയിലൂടെ സമനില നേടാൻ അവസരം വന്നു. പെനാൾട്ടി എടുത്ത ജോ വിക്ടർ 65ആം മിനുട്ടിൽ ഹൈദരബാദിന് സമനില നൽകി. 5 മത്സരങ്ങളിൽ 10 പോയിന്റുമായി എ ടി കെ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ഉള്ളത്. 6 പോയിന്റുള്ള ഹൈദരബാദ് അഞ്ചാം സ്ഥാനത്താണ്.