കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ സ്വപ്ന ക്ലബാണെന്ന് ഡിഫൻഡർ മിലോസ് ഡ്രിഞ്ചിച്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് തീർച്ചയായും ഒരു സ്വപ്ന ക്ലബ്ബാണ്. ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ ഫാൻ ബേസ് ഉള്ള ഒരു ക്ലബ്ബിൻ്റെ ഭാഗമാകാൻ കഴിയുന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. മിലോസ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഏഷ്യയിലെ മുൻനിര ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ഇവിടെ കളിക്കുന്നത് അവസരങ്ങളുടെ വാതിലുകൾ തുറക്കും. വമ്പൻ ക്ലബ്ബുകളൊന്നും ഓഫറുകളുമായി എന്നെ സമീപിച്ചില്ലെങ്കിൽ, ഇവിടെ തുടരാൻ എനിക്ക് സന്തോഷമെ ഉള്ളോഒ. ഈ ക്ലബിലെ ഇതിഹാസമായി മാറുന്നത് അഭിമാനകരമാണ്.” മിലോസ് പറഞ്ഞു.
“ഇവാൻ ഒരു മികച്ച പരിശീലകനും അസാധാരണ വ്യക്തിത്വവുമാണ്. കളിക്കളത്തിലും പുറത്തും തൻ്റെ പിന്തുണ ഉറപ്പാക്കുന്ന ഒരാളാണ് പരിശീലകൻ, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് സന്തോഷകരമാണ്.” മിലോസ് പരിശീലകനെ കുറിച്ച് പറഞ്ഞു.
“ഐ എസ് എല്ലിലെ ഏറ്റവും മികച്ച പ്രതിരോധം ഞങ്ങൾക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ പ്രതിരോധം എന്നത് 4 കളിക്കാരുടെ മാത്രം ഉത്തരവാദിത്തമല്ല എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. ടീം മുഴുവനും ഒരുമിച്ച് ഡിഫൻഡ് ചെയ്യണം. നിർഭാഗ്യവശാൽ, നിരവധി കളിക്കാർക്ക് പരിക്കേറ്റത് ഞങ്ങൾക്ക് ഒരു വെല്ലുവിളിയായി” – മിലോസ് പറഞ്ഞു.