പോയിന്റ് പട്ടികയിലെ മുമ്പന്മാർ നേർക്ക് നേർ വന്ന പോരാട്ടത്തിൽ പോയിന്റ് പങ്കു വെച്ചു മുംബൈ സിറ്റിയും ഹൈദരാബാദ് എഫ്സിയും. മുംബൈയുടെ തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഓരോ ഗോളുകൾ വീതമടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. മുംബൈക്ക് വേണ്ടി പെനാൽറ്റിയിലൂടെ പെരേര ഡിയാസ് വല കുലുക്കിയപ്പോൾ ഹൈദരാബാദിനായി ഹിതേഷ് ശർമയാണ് ലക്ഷ്യം കണ്ടത്. ഒരു മത്സരം കൂടുതൽ കളിച്ച മുംബൈ ഏഴു പോയിന്റ് ലീഡുമായി ഒന്നാമത് തന്നെ തുടരുകയാണ്.
എതിർ തട്ടകത്തിൽ വിജയം ലക്ഷ്യമിട്ട് തന്നെ ആയിരുന്നു ഹൈദരാബാദ് ഇറങ്ങിയത്. ആദ്യ മിനിറ്റ് മുതൽ അവർ ശക്തമായി തന്നെ ശ്രമിച്ചെങ്കിലും മികച്ച അവസരങ്ങൾ ഒരുക്കി എടുക്കുന്നതിൽ പരാജയപ്പെട്ടു. താളം വീണ്ടെടുത്ത മുംബൈ ആവട്ടെ ഇരുപത്തിമൂന്നാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ചാങ്തേയുടെ ക്രോസിൽ നിന്നും ബിപിൻ സിങ്ങിന്റെ ഹെഡർ ശ്രമം നിഖിൽ പൂജാരിയുടെ കൈകളിൽ തട്ടിയപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. കിക്ക് എടുത്ത പെരേര ഡിയാസിന് തെല്ലും പിഴച്ചില്ല. പിന്നീട് രോഹിത് ദാനുവിന്റെ പാസിൽ യാസിറിന്റെ ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.
രണ്ടാം പകുതിയിൽ മുംബൈ ആക്രമണം തുടർന്നു. എന്നാലും കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ സന്ദർശകർക്കായി. ദുഷകരമായ ആംഗിളിൽ നിന്നുള്ള ബിപിൻ സിങ്ങിന്റെ ശ്രമം കീപ്പറുടെ കൈകളിൽ അവസാനിച്ചു. അറുപത്തിയഞ്ചാം മിനിറ്റിൽ സമനില ഗോൾ എത്തി. വലത് വിങ്ങിൽ നിന്നും യാസിറിന്റെ പാസ് ഓടിയെടുത്ത ഹിതേഷിനെ തടയാൻ കീപ്പർ മുന്നോട്ടു വന്നെങ്കിലും മികച്ചൊരു ഫിനിഷിങിലൂടെ താരം ലക്ഷ്യം കണ്ടു. പിന്നീട് പോസിറ്റിന് മുൻപിൽ നിന്നും ഓഗ്ബച്ചേക്ക് ലഭിച്ച അവസരവും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ഗ്രെഗ് സ്റ്റുവാർട്ടിന്റെ ശ്രമം തടഞ്ഞ് ഗുർമീത് സിങ് ഹൈദരാബാദിന്റെ രക്ഷക്കെത്തി. ഇതോടെ സീസണിലെ മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടം ഒരിക്കൽ കൂടി സമനിലയിൽ പിരിഞ്ഞു