ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ കൊൽക്കത്തൻ ഡാർബി എടികെ മോഹൻ ബഗാന് സ്വന്തം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. റോയ് കൃഷ്ണയും മൻവീർ സിംഗുമാണ് എടികെ മോഹൻ ബഗാന് വേണ്ടി ഗോളടിച്ചത്.
തുടക്കത്തിൽ തന്നെ അക്രമിച്ച് കളിക്കാൻ ഇരു ടീമുകളും ശ്രമിച്ചു. മോഹൻ ബഗാന്റെ ഗോൾ മുഖത്തെ തുടക്കത്തിൽ വിറപ്പിക്കാൻ ഈസ്റ്റ് ബംഗാളിന് സാധിക്കുകയും ചെയ്തു. ദേബ്ജിതിന്റെ വൺ ഹാന്റ് സേവുകൾ ഈസ്റ്റ് ബംഗാളിന് തുണയാവുകയും ചെയ്തു. കളിയുടെ ആദ്യ പകുതി അവസാനത്തോടടുക്കെ ബൽവന്ദിന് ലഭിച്ച ഒരു സുവർണാവസരം നഷ്ടമാക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ കളി മാറിമറിയുകയായിരുന്നു. റോയ് കൃഷ്ണയിലൂടെ ഐഎസ്എല്ലിന്റെ പ്രഥമ കൊൽക്കത്തൻ ഡാർബിയിൽ ആദ്യ ഗോൾ നേടുന്ന താരമായി മാറി ഫിജിയൻ താരമായ റോയ് കൃഷ്ണ.
കളിയുടെ 50ആം മിനുട്ടിലാണ് റോയ് കൃഷ്ണയിലൂടെ എടികെ മോഹൻ ബഗാൻ ലീഡ് നേടിയത്. മാറ്റി സ്റ്റെയിന്മാനിന്റെ ഡിഫ്ലെക്ഷൻ ഇടങ്കാൽ ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് അടിച്ച് കയറ്റുകയായിരുന്നു റോയ് കൃഷ്ണ. പിന്നീട് ഈസ്റ്റ് ബംഗാൾ തന്ത്രങ്ങൾ മാറ്റി പരീക്ഷിച്ചെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. പിൽകിംഗ്ടണിന്റെതടക്കമുള്ള മുന്നേറ്റങ്ങൾ ബഗാൻ പ്രതിരോധ നിര തടഞ്ഞ് കൊണ്ടേയിരുന്നു. എന്നാൽ 85ആം മിനുട്ട പിറന്ന മൻവീർ സിംഗിന്റെ ഗോൾ ഈസ്റ്റ് ബംഗാൾ പ്രതീക്ഷകളെ എല്ലാം ഇല്ലാതെയാക്കി. കളി അവസാനിക്കാനിരിക്കെ ബാഡൻ ഇന്മാനടക്കം ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിക്കാൻ അവസരം നൽകിയ മോഹൻ ബഗാൻ ആദ്യ ഐഎസ്എൽ കൊൽക്കത്തൻ ഡാർബി സ്വന്തമാക്കുകയായിരുന്നു.