മൻവീർ സിങ്ങ് ഇനി മോഹൻ ബഗാനിൽ!

Newsroom

ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ സ്ട്രൈക്കർ മൻവീർ സിങിനെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിലാണ് മൻവീർ മോഹൻ ബഗാനിലെത്തുന്നത്. എഫ് സി ഗോവയുടെ താരമായ മൻവീറിനായി വലിയ തുക തന്നെ മോഹൻ ബഗാൻ ചിലവഴിച്ചു എന്നാണ് റിപ്പോർട്ട്. താരത്തിന് വേണ്ടി 80 ലക്ഷമാണ് കൊൽക്കത്തൻ ക്ലബ് ഗോവയ്ക്ക് നൽകുന്നത്.

മിനേർവ പഞ്ചാബിൽ കളിച്ചു വളർന്ന മൻവീർ അവസാന സീസണുകളിൽ എല്ലാം എഫ് സി ഗോവയിലെ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു. ഇതുവരെ ഐ എസ് എലിൽ 47 മത്സരങ്ങൾ മൻവീർ കളിച്ചിട്ടുണ്ട്. 3 ഗോളുകളെ നേടാൻ ആയുള്ളൂ എങ്കിലും പ്രതീക്ഷകൾ ഒരുപാടുള്ള താരമാണ് മൻവീർ. രണ്ട് വർഷം മുമ്പ് സന്തോഷ് ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനമായിരുന്നു മൻവീറിനെ എഫ് സി ഗോവയിൽ എത്തിച്ചത്‌. അന്ന് ബെംഗാളിനെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കുന്നതിൽ ഈ സ്ട്രൈക്കറിന് പ്രധാന പങ്കുതന്നെ ഉണ്ടായിരുന്നു.