ഡിഫൻസ് ഒരു നിമിഷം ഉറങ്ങി, മുംബൈക്ക് ജയം സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

ഒരു നിമിഷം ഡിഫൻസ് ഉറങ്ങിയാൽ മതി കളി തോൽക്കാൻ എന്നത് ഇന്ന് തെളിയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഐ എസ് എല്ലിലെ രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിക്ക് വിജയം കേരളം സമ്മാനിച്ചു എന്ന് പറയേണ്ടി വരും. ഇന്ന് കലൂരിൽ വെച്ച് നടന്ന മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാതെയാണ് മുംബൈ സിറ്റി മൂന്നു പോയന്റുമായി മടങ്ങിയത്. കളിയുടെ അവസാനം വഴങ്ങിയ ഗോളിൽ 1-0ന്റെ തോൽവി ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്.

ആദ്യ മത്സരത്തിൽ എ ടി കെ കൊൽക്കത്തയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങിയത്. പക്ഷെ അന്ന് എ ടി കെയ്ക്ക് എതിരെ കണ്ട കളി ഒന്നും ഇന്ന് കണ്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂടുതൽ മിസ്പാസുകൾ നടത്തിയതിനാൽ അധികം അവസരങ്ങൾ ഒന്നും കളിയിൽ ഉണ്ടായതുമില്ല. ഒരു ഫ്രീകിക്കിൽ നിന്ന് പിറന്ന സുയിവർലൂൺ ഹെഡറും ജെസ്സെലിന്റെ ഒരു ലോങ് റേഞ്ചറും മാത്രമായിരുന്നു കേരളത്തിന് കിട്ടിയ നല്ല അവസരങ്ങൾ.

കളി സമനിലയിലേക്ക് പോവുകയാണ് എന്ന് കരുതിയ സമയത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മുംബൈക്ക് ഗോൾ സമ്മാനിച്ചത്. 83ആം മിനുട്ടിൽ വന്ന ഒരു ദുർബല ക്രോസ് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് മുഴുവൻ നോക്കി നിന്നു. അത് മുതലാക്കി ചേർമിറ്റി കേരളത്തിന്റെ വല കുലുക്കി. ആ ഗോൾ മുംബൈക്ക് വിജയവും നൽകി. അവസാന സെക്കൻഡിൽ ഒഗ്ബെചെയ്ക്ക് മികച്ച അവസരം ലഭിച്ചിരുന്നു എങ്കിലും അമരിന്ദറിന്റെ വേൾഡ്ക്ലാസ് സേവ് കേരളത്തെ തടഞ്ഞു.

Advertisement