നാണക്കേടുമായി കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരബാദിനെതിരെ വൻ തോൽവി

Img 20210216 212910

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇന്നും നിരാശ മാത്രം. ഐ എസ് എല്ലിലെ പതിനെട്ടാം മത്സരത്തിൽ ഹൈദരാബാദിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത നാലു ഗോളുകളുടെ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്‌. ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ ഗോളൊന്നും നേടാൻ ആയിരുന്നില്ല‌. രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്‌.

നിരവധി മാറ്റങ്ങളുമായി ഇറങ്ങിയത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഒട്ടും താളം കണ്ടെത്താൻ ആയില്ല. ഗാരി ഹൂപ്പറിന്റെ ഒരു ഷോട്ട് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് അവസരം എന്ന് പറയാൻ ഇന്ന് ഉണ്ടായത്. ആ ഷോട്ട് കട്ടിമണി തട്ടിയകറ്റുകയും ചെയ്തു. 39ആം മിനുട്ടിൽ പ്രശാന്തിനും ഒരു അവസരം കിട്ടിയിരുന്നു. ഗോൾ ലൈനിന് ഒരുപാട് മാറി നിന്നിരുന്ന കട്ടിമണിയെ മറികടന്ന് ഗോളടിക്കാൻ പക്ഷെ പ്രശാന്തിനായില്ല.

ഹൈദരാബാദും വലിയ അവസരങ്ങൾ ഒന്നും ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. ആൽബിനോ ഗോമസിന്റെ ഒരു അബദ്ധം ഹൈദരബാദിന് ഒരു അവസരം കിട്ടി എങ്കിലും കോസ്റ്റ ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്ക് എത്തി. എന്ന രണ്ടാം പകുതിയിൽ കളി മാറി. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഉറങ്ങിയപ്പോൾ എളുപ്പത്തിൽ ഹൈദരാബാദ് ഗോളടിച്ച് കൊണ്ടേയിരുന്നു.

58ആം മിനുട്ടിൽ സാൻഡാസയുടെ വക ആയിരുന്നു ആദ്യ ഗോൾ. കോനെയും കോസ്റ്റയും കൂടെ സമ്മാനിച്ച പന്ത് വലയിൽ എത്തിക്കേണ്ട പണിയെ സാൻഡാസ്ക്ക് ഉണ്ടായുള്ളൂ. പിന്നാലെ കൊനെ ഒരി അബദ്ധം കൂടെ കാണിച്ചു. അതിൽ ലഭിച്ച പെനാൾട്ടി സാൻഡാസ തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. 86ആം മിനുട്ടിൽ ഒരു ഫ്രീ ഹെഡറിലൂടെ ആയിരുന്നു ക്യാപ്റ്റൻ സന്റാനയുടെ ഗോൾ. 90ആം മിനുട്ടിൽ ജാവോ വിക്ടറും ഹൈദരബാദിനായി സ്കോർ ചെയ്തു. ഈ വിജയം ഹൈദരാബാദിനെ 27 പോയിന്റുമായി മൂന്നാമത് എത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും പത്താമത് ആണ്‌

Previous articleഈ മത്സരത്തില്‍ ടോസിന് വലിയ പ്രസക്തിയില്ലായിരുന്നു – കോഹ്‍ലി
Next articleകാണികളുടെ സാന്നിദ്ധ്യം ഗുണം ചെയ്തുവെന്ന് കോഹ്‍ലി