കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം തടഞ്ഞ് നിർഭാഗ്യവും തെറ്റായ വിധിയും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇതിനേക്കാൾ നന്നായി എങ്ങനെ കളിക്കും എന്നാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഫൈനൽ വിസിൽ വന്നപ്പോൾ ചിന്തിക്കുന്നത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും നല്ല പ്രകടനം കണ്ട മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ പോലും നേടില്ല. ജംഷദ്പൂരിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഗോൾ രഹിത സമനിലയിൽ ആണ് മത്സരം അവസാനിപ്പിച്ചത്. ഒരു ഗോൾ ലൈൻ കഴിഞ്ഞിട്ടും കിട്ടാതിരിക്കുക, മൂന്ന് തവണ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങുക, ഒപ്പം എണ്ണിയാൽ തീരാത്ത അത്ര അവസരങ്ങളും. എന്നിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ കിട്ടിയില്ല.

രാഹുൽ, ജീക്സൺ, ഫകുണ്ടോ തുടങ്ങി പ്രധാന താരങ്ങൾ ഒക്കെ ഇല്ലാതെ ഇറങ്ങിയിട്ടും ഗംഭീര പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കാഴ്ചവെച്ചത്. ആദ്യ പകുതി മുതൽ കേരള ബ്ലാസ്റ്റേഴ്സ് ആണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. 33ആം മിനുട്ടിൽ ആണ് കേരള അറ്റാക്കുകൾ തുടങ്ങിയത്. ആദ്യം കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗാരി ഹൂപ്പർ പന്ത് വലയിൽ എത്തിച്ചിരുന്നു എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചതു കൊണ്ട് സ്കോർ 0-0 എന്ന നിലയിൽ നിന്നു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി അവസരങ്ങൾ ഉണ്ടാക്കി. 42ആം മിനുട്ടിൽ രണ്ട് തവണയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ക്രോസ് ബാർ ചതിച്ചത്. ആദ്യം ഗാരി ഹൂപ്പറിന്റെ ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടി മടങ്ങി. പോസ്റ്റിൽ തട്ടി ഗോൾ വലയ്ക്ക് ഉള്ളിൽ കയറിയാണ് പന്ത് വന്നത്. പക്ഷെ ലൈൻസ് മാൻ ഗോൾ വിധിച്ചില്ല.

സെക്കൻഡുകൾക്കകം മറെയുടെ ഹെഡറിനും പോസ്റ്റ് വിനയായി നിന്നു. ഇതിനു പിന്നാലെ പൂട്ടിയയുടെ പാസിൽ നിന്ന് ഒരു അവസരം കൂടെ കേരള ബ്ലാസ്റ്റേഴ്സിന് കിട്ടി. പക്ഷെ മറെയുടെ ഷോട്ട് സൈഡ് നെറ്റിൽ തട്ടിയെ ഉള്ളൂ. 48ആം മിനുട്ടിൽ പൂറ്റിയയുടെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി. നിർഭാഗ്യം കൊണ്ട് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ ഗോൾ നേടാതിരുന്നത്.

രണ്ടാം പകുതിയിലും കേരള ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾ തുടർന്നു. മറെയുടെ ഒരു ഷോട്ടും ഒരു ഹെഡറും ചെറിയ വ്യത്യാസത്തിൽ ആണ് പുറത്തേക്ക് പോയത്. 69ആം മിനുട്ടിൽ മറെയ്ക്ക് ഒരു അവസരം കൂടെ ലഭിച്ചു. അത് ഗോൾ പോസ്റ്റിന് ഉരസിയാണ് പോയത്. 73ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് മറെ എടുത്ത ഷോട്ടും ചെറിയ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്‌.

അവസാനം പ്യൂട്ടിയയുടെയും സഹലിന്റെയും ഒക്കെ ശ്രമങ്ങൾ ഉണ്ടായെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല. ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്.