സ്പോൺസർമാർ ചതിച്ചു, കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ടൂർ അവസാനിപ്പിച്ച് നാട്ടിലേക്ക്

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പര്യടനത്തിന് വലിയ തിരിച്ചടി. ക്ലബിന്റെ യു എ ഇയിലെ പ്രീസീസൺ ടൂർ ഒരാഴ്ചക്കൊണ്ട് അവസാനിപ്പിക്കേണ്ട ഗതിയിലാണ് ക്ലബ്. ബ്ലാസ്റ്റേഴ്സിനായി പ്രീസീസൺ സൗകര്യങ്ങൾ ഒരുക്കിയ സ്പോൺസർമാർ നിലവാരമില്ലാത്ത സൗകര്യങ്ങൾ ഒരുക്കിയതാണ് ടീമിനെ പര്യടനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിൽ എത്തിച്ചത്. സെപ്റ്റംബർ നാലിന് യു എ ഇയിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആകെ ഒരു മത്സരം മാത്രമാണ് പ്രീസീസണിൽ കളിച്ചത്.

ലോക നിലവാരമുള്ള സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് എത്തിച്ച സ്പോൺസർമാർ നൽകിയ സൗകര്യങ്ങൾ തീർത്തും നിരാശ നൽകുന്നതായിരുന്നു. പരിശീലന സൗകര്യങ്ങൾ മാത്രമല്ല നല്ല യാത്രാ സൗകര്യങ്ങൾ പോലും കേരള ബ്ലാസ്റ്റേഴ്സിന് യു എ ഇയിൽ കിട്ടിയില്ല. പരിശീലകനായ ഷറ്റോരിക്ക് ആദ്യ മത്സരത്തിന് വേദിയിൽ എത്താൻ ആരാധകന്റെ കാറ് വേണ്ടി വന്നു എന്നൊക്കെയാണ് യു എ ഇയിൽ നിന്ന് വരുന്ന വാർത്തകൾ.

എന്തായാലും ടീം ഇന്ന് കേരളത്തിൽ മടങ്ങി എത്തും. ക്ലബ് ഇനി സീസൺ തുടങ്ങുന്നത് വരെ കേരളത്തിൽ ആകും പരിശീലനം നടത്തുക. ഇവിടെ ഇന്ത്യൻ ക്ലബുകളുമാഇ സൗഹൃദ മത്സരങ്ങൾ ഒരുക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമം.