കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഔദ്യോഗിക
മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു

-സവിശേഷതകള്‍: ക്ലബ്ബിന്റെ എക്‌സ്‌ക്ലൂസീവ് ഉള്ളടക്കങ്ങള്‍, തത്സമയ മാച്ച് അപ്‌ഡേറ്റുകള്‍, ടീം വാര്‍ത്തകള്‍, തിരശീലയ്ക്ക് പിന്നിലെ കവറേജ്, താരങ്ങളുടെയും പരിശീലകരുടെയും അഭിമുഖങ്ങള്‍, ക്ലബ് പോളുകള്‍, ക്വിസ്, ഫാന്‍ ഫോറങ്ങള്‍

-സ്വീഡിഷ് ആസ്ഥാനമായുള്ള സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ഫോര്‍സ എഫ്‌സിയുമായി സഹകരിച്ചാണ് ആപിന്റെ രൂപകല്‍പ്പന

-ആപ്പിള്‍ ആപ് സ്‌റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

കൊച്ചി, ഡിസംബര്‍ 12, 2020: ക്ലബ്ബിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അഭിമാന പുരസരം പ്രഖ്യാപിച്ചു. അത്യാവേശവും ശബ്ദമുഖരിതവുമായ ക്ലബ്ബ് ആരാധകവൃന്ദത്തെ, അവര്‍ എവിടെയായിരുന്നാലും ക്ലബിനോടും യെല്ലോ ട്രൈബിനോടും അടുപ്പിക്കുന്ന ആപ്ലിക്കേഷനാണിത്.

ക്ലബ്ബിനെ പിന്തുണക്കുന്നവര്‍ക്കായുള്ള ഡിജിറ്റല്‍ വാഗ്ദാനങ്ങളുടെ മറ്റൊരു നാഴികക്കല്ല് സൃഷ്ടിക്കുന്നതിനായി രൂപകല്‍പന ചെയ്ത ആപ്ലിക്കേഷന്‍, സ്വീഡിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ഫോര്‍സ എഫ്‌സിയുമായി സഹകരിച്ചാണ് വികസിപ്പിച്ചെടുത്തത്. ആപ്പിള്‍, ആന്‍ഡ്രോയിഡ് സ്‌റ്റോറുകളില്‍ ആപ് ലഭിക്കും.

ക്ലബ്ബിന്റെ എക്‌സ്‌ക്ലൂസീവ് ഉള്ളടക്കങ്ങള്‍, തത്സമയ മാച്ച് അപ്‌ഡേറ്റുകള്‍, പരിശീലന ദൃശ്യങ്ങള്‍, തിരശീലയ്ക്ക് പിന്നിലെ കവറേജ്,
ആരാധകരുടെ പ്രിയ താരങ്ങളുടെയും പരിശീലകരുടെയും അഭിമുഖങ്ങള്‍ എന്നിവ കൂടാതെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് പരസ്പരം സംവദിക്കാനും ക്ലബിന് വേണ്ടിയുള്ള അവരുടെ യോജിച്ച വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള അവസരവും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിട്ടുണ്ട്.

ലോകമൊട്ടാകെയുള്ള ക്ലബ്ബിനെ പിന്തുണക്കുന്ന ആറു ദശലക്ഷം പേരെ, ലോകത്തെവിടെയിരുന്നാലും അവര്‍ ഇഷ്ടപ്പെടുന്ന ക്ലബുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന് കഴിയുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ആപ് അവതരണം ഡിജിറ്റല്‍ ലോകത്തില്‍ ഞങ്ങളുടെ ആരാധകരുമായി മികച്ച രീതിയില്‍ ഇടപഴകാന്‍ ക്ലബ്ബിനെ അനുവദിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങളുടെ വലിയ ആരാധകവൃന്ദവുമായി ആശയവിനിമയം നടത്താന്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കാര്യമായ മുന്നേറ്റമാണ് ക്ലബ്ബ് നടത്തിയത്. ആരാധകര്‍ക്ക് ആപ്ലിക്കേഷന്‍ നല്ല അനുഭവമായിരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, അതേസമയം, അവര്‍ക്ക് മികച്ചതും നവീനവുമായ അനുഭവം നല്‍കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നുമുണ്ട്-നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

ആരാധകര്‍ക്ക് ടീമിന്റെ പ്രവര്‍ത്തനങ്ങളിലെ പ്രത്യേക ദൃശ്യം നല്‍കുകയും അവരുടെ പ്രിയപ്പെട്ട താരങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം, ലൈവ് മാച്ച് അപ്‌ഡേറ്റുകളും സ്ഥിതിവിവരക്കണക്കുകളും നല്‍കുന്ന ഒരു മാച്ച് സെന്റര്‍, ക്ലബ് പോളുകളില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവസരം, ക്ലബ് ക്വിസുകളില്‍ സ്വയം വിലയിരുത്താനുള്ള അവസരം, കൂട്ടായ്മക്കുള്ളില്‍ പരസ്പരം സംവദിക്കാനും ക്ലബിന്റെ വിവിധ കാര്യങ്ങളില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാനും ആരാധകരെ അനുവദിക്കുന്ന ഒരു ഫോറം എന്നിവ ആപ്ലിക്കേഷന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ബാഡ്ജുകളും ലോയല്‍റ്റി പോയിന്റുകളും സ്വന്തമാക്കി ആരാധകന് അവന്റെ/അവളുടെ ആത്മാര്‍ഥത കാണിക്കാനുള്ള അവസരവുമുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കടുത്ത പിന്തുണക്കാര്‍ക്ക് പ്രതിമാസം, അര്‍ധവാര്‍ഷികം അല്ലെങ്കില്‍ വാര്‍ഷിക അംഗത്വ പാക്കേജിലേക്ക് വരിചേരുന്നതിലൂടെ പ്രീമിയം അംഗമാകാനുള്ള അവസരവും ആപ്ലിക്കേഷന്‍ നല്‍കുന്നു. വെല്‍ക്കം കിറ്റും ഉള്‍പ്പെടുന്നതാണ് വാര്‍ഷിക അംഗത്വ പദ്ധതി.

വിശിഷ്ടമായ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശക്തമായ അടിത്തറയുള്ള, ചെറുപ്പവും ചലനാത്മകതയും നിറഞ്ഞ സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ഫോര്‍സ എഫ്‌സിയിലെ ഒരു ആത്മസമര്‍പ്പിത പ്രൊജക്റ്റ് ടീം രൂപകല്‍പ്പന ചെയ്ത ക്ലബില്‍ നിന്നുള്ള പുതിയ സംരംഭം, ക്ലബ്ബിന്റെ ആഗോള പിന്തുണക്കാര്‍ക്ക് ഇടപഴകല്‍ വര്‍ധിപ്പിക്കുന്നതിനും മൂല്യം വര്‍ധിപ്പിക്കുന്നതിനുമുള്ള വ്യക്തമായ കാഴ്ചപ്പാടോടെ സംയോജിപ്പിച്ചെടുത്തതാണ്. ആഗോള നിലവാരവുമായി പൊരുത്തപ്പെടുന്ന നവീനമായ സാങ്കേതിക കണ്ടുപിടിത്തങ്ങളുമായി കാലികമായി തുടരാനുള്ള ക്ലബ്ബിന്റെ ലക്ഷ്യത്തെ സാക്ഷാത്കരിക്കാന്‍, ഗലാറ്റസാരെ, ആഴ്‌സണല്‍, ഒളിമ്പിക് ലിയോണ്‍, ഇപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങി ഫുട്‌ബോള്‍ രംഗത്തെ പ്രമുഖ ക്ലബ്ബുകളുമായും ഓര്‍ഗനൈസേഷനുകളുമായും പ്രവര്‍ത്തിച്ചിട്ടുള്ള ഫോര്‍സ എഫ്‌സി ക്ലബ്ബിനെ സഹായിച്ചു.