കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ക്ലാസിക് കം ബാക്ക്. ഇന്ന് കലൂരിൽ നടന്ന പോരാട്ടത്തിൽ തുടക്കത്തിൽ ഒഡീഷക്ക് എതിരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്സ് മികച്ച ആക്രമണ ഫുട്ബോൾ കളിച്ച് രണ്ടാം പകുതിയിൽ 2-1ന്റെ വിജയം സ്വന്തമാക്കുക ആയിരുന്നു. സബ്ബായി എത്തി ദിമി ആണ് ബ്ലാസ്റ്റേഴ്സിന് സമനില നൽകുകയും പിന്നീട് കളി അവസാനിക്കാൻ 6 മിനുട്ട് മാത്രം ശേഷിക്കെ ക്യാപ്റ്റൻ ലൂണ വിജയ ഗോൾ നേടുകയുമായിരുന്നു.
ആദ്യ പകുതിയിൽ ഇരു ടീമുകളും അറ്റാക്കിംഗ് ഫുട്ബോൾ ആണ് കളിച്ചത്. രണ്ട് ടീമിനും നല്ല അവസരങ്ങളും ലഭിച്ചു. 15ആം മിനുട്ടിൽ ആണ് കൊച്ചിയെ നിശബ്ദരാക്കി കൊണ്ട് ഒഡീഷയുടെ ഗോൾ വന്നത്. ഗൊഡാർഡിന്റെ പാസ് സ്വീകരിച്ച് മൗറീസിയോ ആണ് വല കുലുക്കിയത്.
അഞ്ച് മിനുട്ടുകൾ കഴിഞ്ഞ് നവോചയുടെ ഒരു ഹാൻഡ് ബോൾ ഒഡീഷയ്ക്ക് ഒരു പെനാൾട്ടി സമ്മാനിച്ചു. മൗറീസിയോ എടുത്ത പെനാൾട്ടി കിക്ക് തടഞ്ഞ് സച്ചിൻ കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്ക് എത്തി. ആ പെനാൾട്ടിയും അതിനു പിന്നാലെയുള്ള ഷോട്ടും സച്ചിൻ തടഞ്ഞതു കൊണ്ടാണ് സ്കോർ 1-0ൽ നിന്നത്.
കേരള ബ്ലാസ്റ്റേഴ്സ് നല്ല അവസരം സൃഷ്ടിച്ചു എങ്കിലും അവസരം മുതലാക്കൊയില്ല. ഡെയ്സുകെയും പെപ്രയും നല്ല അവസരങ്ങൾ നഷ്ടപ്പെടുന്നത് കാണാൻ ആയി. ആദ്യ പകുതി ഒഡീഷക്ക് അനുകൂലമായി 1-0 എന്ന സ്കോറിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞു. ദിമി ദയമന്റകോസ് കൂടെ എത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്ക് ശക്തമായി. പെപ്രയും ഡെയ്സുകെയും നല്ല നീക്കങ്ങൾ നടത്തി എങ്കിലും പാസ് ചെയ്യാൻ ഇരുവരും മടിച്ചത് തിരിച്ചടിയായി.
അവസാനം 67ആം മിനുട്ടിൽ ഡെയ്സുകെയുടെ പാസിൽ നിന്ന് മികച്ച ഫിനിഷിലൂടെ ദിമി കേരള ബ്ലാസ്റ്റേഴ്സിന് സമനില നൽകി. ഇതിനു പിന്നാലെ ഒരു അവസരം കൂടെ ദിമിക്ക് ലഭിച്ചു എങ്കിലും അമ്രീന്ദറിന്റെ സേവ് കളി 1-1 എന്ന് നിർത്തി.
84ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ സന്തോഷത്തിലാഴ്ത്തി അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. മനോഹരമായ ചിപ് ഫിനിഷിലൂടെ ആണ് ലൂണ വിജയം ഗോൾ നേടിയത്. ഇതിനു ശേഷം ലീഡ് ഉയർത്യ്ഹാൻ അവസരം ലഭിച്ചെങ്കിലും കൂടുതൽ ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിനായി. എങ്കിലും വിജയം ഉറപ്പിക്കാൻ ആയി.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 10 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഒന്നാമതുള്ള എഫ് സി ഗോവയ്ക്കും 10 പോയിന്റാണ് ഉള്ളത് എങ്കിലും അവർക്ക് മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് ഉള്ളത് അവരെ മുന്നിൽ നിർത്തുന്നു.