ജൈറോക്ക് പകരക്കാരൻ എത്തി, നാളെ ബെംഗളൂരു എഫ് സിക്ക് എതിരെ ഇറങ്ങും

പരിക്കേറ്റ് ഡിഫൻഡർമാരില്ലാതെ ഇരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി പുതിയ ഒരു വിദേശ താരം എത്തി. മാസിഡോണിയൻ ഡിഫൻഡറായ‌ വ്ലാറ്റ്കോ ഡ്രൊബാരോവ് ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സുമായി ഡ്രൊബാരോവ് കരാർ ഒപ്പുവെച്ചു. താരത്തിന്റെ ട്രാൻസ്ഫർ ഐ എസ് എൽ അംഗീകരിക്കുകയും ചെയ്തു.

27കാരനായ ഡ്രൊബാരോവ് കരുത്തനായ ഡിഫൻഡറാണ്. ഹൈ ബോളുകളെ മികച്ച രീതിയിൽ നേരിടുന്ന താരം ഇതിനകം വിവിധ ക്ലബുകൾക്കായി ജേഴ്സി അണിഞ്ഞിട്ടുണ്ട്. അവസാനമായി മാസിഡൊണിയ ക്ലബായ ബെലാസിക സ്ട്രുമികയ്ക്ക് വേണ്ടിയാണ് കളിച്ചത്. സെന്റർ ബാക്കിനൊപ്പം ഡിഫൻസീവ് മിഡായും കളിക്കാൻ ഡ്രിബാരോവിനാകും.

പരിക്കേറ്റ ജൈറോയ്ക്ക് പകരക്കാരനായാണ് ഡ്രൊബാരോവ് എത്തുന്നത്. നാളെ നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് എതിരെ താരം കളിക്കും.