കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി!! ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഏഴാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മുന്നിട്ട് നിൽക്കുന്നു. നോർത്ത് ഈസ്റ്റിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളിനാണ് മുന്നിട്ട് നിൽക്കുന്നത്‌. ആദ്യ മത്സരത്തിൽ എ ടി കെ മോഹൻബഗാനോട് ഏറ്റ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട കേരള ബ്ലാസ്റ്റേഴ്സ് നിരവധി മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങിയത്. ആ മാറ്റങ്ങൾ ഫലിക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്.

മത്സരം ആരംഭിച്ച് അഞ്ചു മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ലീഡ് എടുത്തു. ക്യാപ്റ്റൻ സിഡോഞ്ച ആണ് ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത്. സത്യസെൻ എടുത്ത ഫ്രീകിക്ക് ഒരു മനോഹര ഹെഡറിലൂടെ സിഡോഞ്ച വലയിൽ എത്തിക്കുക ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി സിഡോഞ്ച നേടുന്ന രണ്ടാം ഗോളാണിത്. കഴിഞ്ഞ സീസണിൽ താരം ഒരു ഗോൾ നേടിയിരുന്നു.

ആദ്യ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 22ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചിരുന്നു. എന്നാൽ സുവർണ്ണാവസരം ഹൂപ്പർ പാഴാക്കി. സിഡോഞ്ച നൽകിയ പാസ് ടാർഗറ്റിൽ ആയിരുന്നു എങ്കിൽ ഗോളായേനെ. പക്ഷെ ഹൂപ്പറിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്ത് പോയി. ആദ്യ പകുതിയിൽ അവസാന നിമിഷം കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടി. ഒരു പെനാൾട്ടിയിൽ നിന്ന് ഹൂപ്പർ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത്. ഹൂപ്പറിന്റെ ക്ലബിനായുള്ള ആദ്യ ഗോളാണിത്. രണ്ടാം പകുതിയിൽ വിജയം ഉറപ്പിക്കുക ആകും ബ്ലാസ്റ്റേഴ്സ് ലക്ഷ്യം.