കൊച്ചി, 27 ജൂലൈ, 2024: മോണ്ടെനെഗ്രിൻ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിചിന്റെ കരാർ 2026 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി. ടീമിന്റെ വിജയത്തിൽ മിലോസിന്റെ സുപ്രധാന പങ്ക് കാഴ്ചവച്ച അരങ്ങേറ്റ സീസണിന് ശേഷമാണ് ഈ തീരുമാനം.
2023ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നത് മുതൽ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരൻ. തന്റെ ആദ്യ സീസണിൽ, മിലോസ് 22 മത്സരങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി, ഒരു പ്രതിരോധ നായകനെന്ന നിലയിൽ മാത്രമല്ല നിർണായക ഗോളുകൾക്കും സംഭാവന നൽകി, ടീമിനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യവും പ്രാധാന്യവും എടുത്തുകാണിച്ചു. അദ്ദേഹത്തിന്റെ കളി ശൈലി ആരാധകരിൽ നിന്നും ടീമംഗങ്ങളിൽ നിന്നും ഒരുപോലെ പ്രശംസ നേടി കൊടുത്തിട്ടുണ്ട് .
മിലോസിന്റെ കരാർ നീട്ടിയതിലൂടെ ക്ലബ്ബിന്റെ പ്രതിരോധ വിഭാഗം ശക്തിപ്പെടുത്തുന്നതിനും മികച്ച പ്രകടനം നടത്തുന്നവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള ക്ലബ്ബിന്റെ സമർപ്പണത്തെ അടിവരയിടുന്നു. വരും സീസണുകളിലും ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മിലോസ് ഒരു അനിവാര്യ സമ്പത്തായി തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഉറപ്പുണ്ട്.
കരാർ നീട്ടിയതിനെക്കുറിച്ച് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ്:
“മികച്ച പ്രകടനവും, നേതൃഗുണവും, നിശ്ചയദാർഢ്യമുള്ള ഒരു കളിക്കാരനാണ് മിലോസ്. അദ്ദേഹം ഞങ്ങളോടൊപ്പം തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അദ്ദേഹത്തിന്റെ ഒരു നല്ല സീസണിനായി ഞാൻ കാത്തിരിക്കുകയാണ്.”
കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ പുതുക്കിയതിനെ കുറിച്ച് മിലോസ്:
“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള എൻ്റെ ബന്ധം തുടരുന്നത് എനിക്ക് വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. ആരാധകരുടെ അഭിനിവേശവും ക്ലബ്ബിൻ്റെ കാഴ്ചപ്പാടും എൻ്റെ അഭിലാഷങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, തുടർന്നും സംഭാവനകൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ടീമിനെ ഒന്നിലധികം കിരീട വിജയങ്ങളിലേക്ക് നയിക്കുക എന്നതാണ് എന്റെ ലക്ഷ്യം.”
സമീപകാലത്ത് സൈൻ ചെയ്ത വിദേശ താരം അലക്‌സാണ്ടർ കോഫിനൊപ്പം മിലോസിന്റെ സാന്നിധ്യം പ്രതിരോധം ശക്തിപ്പെടുത്തുമെന്നും ടീമിന്റെ വിജയത്തിന് സംഭാവന നൽകുമെന്നും ക്ലബ് പ്രതീക്ഷിക്കുന്നു.