കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ടീമുമായി സൗഹൃദ മത്സരം വേണം എന്ന് ഇവാൻ വുകമാനോവിച്, നടക്കുമോ?

കേരള ബ്ലാസ്റ്റേഴ്സ് ദേശീയ ടീമുമായി സൗഹൃദ മത്സരം കളിക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്ത്യൻ ദേശീയ ടീം കേരളത്തിൽ ക്യാമ്പ് വെക്കും എന്ന ഇന്ത്യൻ പരിശീലകൻ സ്റ്റിമാചിന്റെ ട്വീറ്റിന് മറുപടി ആയാണ് ഇവാൻ കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യയും തമ്മിൽ കളി നടക്കട്ടെ എന്ന് പറഞ്ഞത്. ഇന്ത്യൻ ക്യാമ്പ് കേരളത്തിൽ നടക്കുക ആണെങ്കിൽ അതിനർത്ഥം കേരള ബ്ലാസ്റ്റേഴ്സും ദേശീയ ടീമുമായും സൗഹൃദ മത്സരം നടക്കും എന്നാണെന്ന് ഇവാൻ പറഞ്ഞു.

അത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും കേരളം തയ്യാറായി ഇരിക്കണം എന്നും ഇവാൻ പറഞ്ഞു. സെപ്റ്റംബറിൽ ആണ് ഇന്ത്യൻ ടീം കേരളത്തിൽ ക്യാമ്പ് നടത്തുക. ആ സമയത്ത് കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിൽ പരിശീലനം നടത്തുന്നുണ്ടാകും. അങ്ങനെ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യയും തമ്മിൽ ഒരു മത്സരം കാണാൻ എല്ലാവർക്കും ആകും.