കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഒന്‍പതാം സീസണിനുള്ള സീസണ്‍ ടിക്കറ്റുകള്‍ വിൽപ്പന ആരംഭിച്ചു

കൊച്ചി, സെപ്റ്റംബര്‍ 06, 2022: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഐഎസ്എല്‍ ഒന്‍പതാം സീസണിലെ എല്ലാ ഹോം മത്സരങ്ങള്‍ക്കുമുള്ള സീസണ്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു. തുടക്കമെന്ന നിലയില്‍, 40 ശതമാനം കിഴിവില്‍ 2499 രൂപയ്ക്ക് സീസണ്‍ ടിക്കറ്റുകള്‍ ലഭിക്കും. പേടിഎം ഇന്‍സൈഡറില്‍ എല്ലാ ടിക്കറ്റുകളും വില്‍പ്പനയ്ക്ക് ലഭ്യമാവും.

എതിരാളികള്‍ ആരായാലും, ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ ഹോം മത്സരങ്ങള്‍ക്കുമുള്ള സീറ്റാണ് സീസണ്‍ ടിക്കറ്റിലൂടെ ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നത്. സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച സീറ്റുകളില്‍ ഉള്‍പ്പെട്ട രണ്ടാം നിര ഈസ്റ്റ്, വെസ്റ്റ് ഗ്യാലറികളില്‍ ഇരുന്ന് മത്സരങ്ങള്‍ കാണാനുള്ള അവസരവും സീസണ്‍ പാസിലൂടെ ആരാധകര്‍ക്ക് ലഭിക്കും. ഇതിന്പുറമെ ഫസ്റ്റ് ടീം പരിശീലന സെഷനുകള്‍ കാണാനുള്ള അവസരവുമുണ്ട്. മത്സര ദിവസങ്ങളില്‍ സ്‌റ്റേഡിയത്തിലേക്ക് സൗകര്യപ്രദമായ പ്രവേശനത്തിനും പുറത്തുകടക്കലിനും സീസണ്‍ ടിക്കറ്റ് പ്രയോജനപ്പെടുത്താം. കൂടാതെ ഭാഗ്യശാലികളായ സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് താരങ്ങളെ നേരിട്ട് കാണാനും, താരങ്ങള്‍ ഒപ്പിട്ട ക്ലബ്ബിന്റെ ജഴ്‌സികള്‍ സ്വന്തമാക്കാനും, ടീമിനൊപ്പം ആവേശകരമായ മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരമുണ്ടാവും.

20220404 102045

‘എല്ലായ്‌പ്പോഴും ഞങ്ങളുടെ ആരാധകരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച സ്‌നേഹം അതിരില്ലാത്തതാണ്, അവരോടുള്ള ഞങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാനാണ് ഞങ്ങള്‍ സീസണ്‍ ടിക്കറ്റുകള്‍ പോലെ ചെറിയ എന്തെങ്കിലും അവതരിപ്പിക്കുന്നത്’-കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഇതാദ്യമായി ഐഎസ്എല്‍ ഒന്‍പതാം സീസണിലാണ് ഞങ്ങള്‍ സീസണ്‍ ടിക്കറ്റുകള്‍ കൊണ്ടുവരുന്നത്. സീസണ്‍ പാസ് ഉപയോഗിച്ച്, ഞങ്ങളുടെ ആരാധകര്‍ക്ക് ഒറ്റത്തവണ വാങ്ങലിലൂടെ എല്ലാ ഹോം മത്സരങ്ങളും കാണാന്‍ കഴിയും. മത്സര ദിവസത്തെ അനുഭവവും, ടിക്കറ്റ് വിലയും ഏറെ സൗകര്യപ്പെടുത്തുക എന്നതായിരുന്നു സീസണ്‍ ടിക്കറ്റിലൂടെ ഞങ്ങളുടെ ലക്ഷ്യം. കൂടുതല്‍ അനുഭവ സമ്പന്നമായ ഓഫറുകളും ഫീച്ചറുകളും ഉപയോഗിച്ച് വരും വര്‍ഷങ്ങളില്‍ ഞങ്ങളുടെ സീസണ്‍ ടിക്കറ്റ് പ്രോഗ്രാം പടിപടിയായി പടുത്തുയര്‍ത്തും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുഴുവന്‍ മഞ്ഞപ്പടയെയും കലൂരിലേക്ക് സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ പൂര്‍ണമായി കാത്തിരിക്കുകയാണ്. ഒക്‌ടോബര്‍ 7ന് ബ്ലാസ്റ്റേഴ്‌സിനൊപ്പം നമുക്ക് ആരവുമയര്‍ത്താം, അഭിമാനിതരാകാം-നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

ഹീറോ ഐഎസ്എല്‍ 2022/23ന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ നേരിടാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സജ്ജമായിക്കഴിഞ്ഞു.

https://insider.in/hero-isl-2022-23-kerala-blasters-fc-season-ticket/event എന്ന ലിങ്ക് വഴി ആരാധകര്‍ക്ക് സീസണ്‍ ടിക്കറ്റുകള്‍ വാങ്ങാം.