ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന ആഴ്ചകൾ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് അത്ര നല്ലതായിരുന്നില്ല. തുടർ പരാജയങ്ങൾ, വലിയ വലിയ പരിക്കുകൾ.. ഇവാൻ വുകമാനോവിചിന്റെ ക്ലബിൽ തുടരണോ എന്ന ചോദ്യങ്ങൾ.. ഇന്ന് ശക്തരായ ഗോവക്ക് എതിരെ ഇറങ്ങുമ്പോൾ ചെറിയ സമ്മർദ്ദം ഒന്നും ആയിരുന്നില്ല ബ്ലാസ്റ്റേഴ്സ് ടീമിന് മുകളിൽ ഉണ്ടായിരുന്നത്. കളി തുടങ്ങി 17 മിനുട്ടിനകം 2 ഗോളിന് പിറകിലുമായി. അതും മനോലോ മാർക്കസിന്റെ ഗോവയോട്.
ഡിഫൻസിൽ അത്ര പേരുകേട്ട ടീമാണ്. അവർക്ക് എതിരെ ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് തോന്നി. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ചരിത്രം എടുത്താൽ ഇതുവരെ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് ജയിച്ചിട്ടില്ല. 37 തവണ രണ്ട് ഗോളിന് പിറകിൽ പോയപ്പോൾ 32 തവണയും തോറ്റു. അഞ്ച് തവണ സമനിലയും. പക്ഷെ ഇവാൻ വുകമാനോവിചിനും പിള്ളേർക്കും ഒരു വിജയം അല്ലാതെ വേറെ ഒന്നുമായും ഗ്രൗണ്ടിൽ നിന്ന് കയറാൻ ഉദ്ദേശമില്ലായിരുന്നു.
രണ്ടാം പകുതിയിൽ അവർ വളരെ പോസിറ്റീവ് ആയി തന്നെ കളിച്ചു. കലൂരിന്റെ ഗ്യാലറിയും ബ്ലാസ്റ്റേഴ്സിനൊപ്പം നിന്നു. ആദ്യം ഡെയ്സുകെയുടെ മനോഹരമായ ഫ്രീകിക്ക് ഗോൾ. പ്രതീക്ഷ വന്ന നിമിഷം. പിറകെ ഇവാന്റെ മികച്ച സബ്സ്റ്റിട്യൂഷനുകൾ. കളി അവസാനിക്കാൻ 10 മിനുട്ട് ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് അർഹിച്ച പെനാൾട്ടി. ലൂണ പരിക്കേറ്റ് പുറത്തായത് മുതൽ ഒരു നായകനായി തന്നെ കളിക്കുന്ന ദിമി മുന്നോട്ട് വരുന്നു. പെനാൾട്ടി അടിച്ച് ഒപ്പം എത്തിച്ചു. 2-2.
ഇതിൽ തന്നെ ഗോവ വിറച്ചു. പിന്നെ കണ്ടത് ബ്ലാസ്റ്റേഴ്സ് കൊച്ചി ഞങ്ങളുടെ ഹോം ആണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു. അധികം വൈകാതെ ദിമിയുടെ വക മൂന്നാം ഗോളും ലീഡും. പിന്നെ ഫെഡോറിന്റെ വക അവസാന ആണിയും. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സന്തോഷത്തിന്റെയും ആവേശത്തിന്റെയും കൊടുമുടിയിൽ എത്തിയ നിമിഷം. എങ്ങനെ മറക്കും ഈ മത്സരം. എങ്ങനെ മറക്കും ഇന്ന് ഇവാനും ടീമും തന്നെ സന്തോഷം.