കേരള ബ്ലാസ്റ്റേഴ്സിന് ആദ്യം ഗോൾ തന്നു, പിന്നെ നിഷേധിച്ചു, ഒടുവിൽ രണ്ട് ഗോളുകളും, സംഭവ ബഹുലമായ ആദ്യ പകുതി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും 1-1 എന്ന സമനിലയിൽ. വിവാദമായ റഫറിയുടെ വിധിയാണ് ആദ്യ പകുതിയിലെ പ്രധാന സംഭവം.

ഇന്ന് ആദ്യ പകുതിയിൽ ലഭിച്ച ആദ്യ അവസരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് വല കണ്ടെത്തി. പക്ഷെ വിവാദമായ റഫറിയുടെ വിധിയിൽ പിന്നീട് ഗോൾ നിഷേധിക്കുകയും ചെയ്തു. 15ആം മിനുട്ടിൽ പൂട്ടിയയുടെ ഷോട്ട് ഈസ്റ്റ് ബംഗാൾ താരത്തിന്റെ കയ്യിൽ തട്ടിയ ഉടനെ റഫറി ഫൗൾ വിസിൽ വിളിച്ചു. പക്ഷെ ആ പന്ത് വാസ്കസിൽ എത്തുകയും താരം ഗോൾ നേടുകയും ചെയ്തു. ഫൗൾ വിളിച്ച റഫറി തന്നെ ഉടനെ അത് ഗോളാണെന്ന് വിധിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ആഘോഷവും നടത്തി. എന്നാൽ ഈസ്റ്റ് ബംഗാൾ താരങ്ങളുടെ പ്രതിഷേധത്തിന് ഒടുവിൽ ആ ഗോൾ നിഷേധിക്കുകയും അത് കേരളത്തിന്റെ ഒരു ഫ്രീകിക്കായി മാത്രം വിളിക്കുകയും ചെയ്തു.

ഗോൾ ആകും മുമ്പ് റഫറി വിസിൽ വിളിച്ചു എന്നതാണ് ഗോൾ നിഷേധിക്കാനുള്ള കാരണം. റഫറി അനുവദിച്ച ഫ്രീകിക്ക് ലെസ്കോവിച് ആണ് എടുത്തത്. ഗോൾ പോസ്റ്റിന് മുകളിലൂടെ ആ ഫ്രീകിക്ക് പുറത്തേക്ക് പോയി. 20ആം മിനുട്ടിൽ പെർസോവിചിന്റെ ഒരു ഇടം കാലൻ ഷോട്ട് ഗില്ലിന്റെ ഫുൾ ഡൈവ് സേവിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന്റെ വലതു വിങ്ങിലൂടെ പെർസൊവിച് കേരള ബ്ലാസ്റ്റേഴ്സിന് നിരന്തരം തലവേദന നൽകി.

കളിയുടെ 37ആം മിനുട്ടിൽ ഒരു ലോങ് ത്രോയിൽ നിന്ന് ഈസ്റ്റ് ബംഗാൾ ലീഡ് നേടി. തൊമിസ്ലാവ് ആണ് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയത്. കേരള ഇതിൽ തളർന്നില്ല. ആദ്യ പകുതി അവസാനിക്കും മുമ്പ് വാസ്കസിലൂടെ കേരളം സമനില നേടി. ബോക്സിന് പുറത്ത് നിന്നുള്ള വാസ്കസിന്റെ ഷോട്ട് ഒരു വലിയ ഡിഫ്ലക്ഷനിലൂടെ വലയിൽ എത്തുക ആയിരുന്നു.