അത്ഭുത രാത്രി!!ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയ്ക്ക് എതിരെ അത്ര ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിൽ പോയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ നാലു ഗോളുകൾ തിരിച്ചടിച്ച് 4-2ന്റെ വിജയം നേടി. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ആദ്യമായാണ് ആദ്യ പകുതിയിൽ 2 ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് വിജയിക്കുന്നത്.
ഏഴാം മിനുട്ടിൽ തന്നെ ഗോവ മുന്നിൽ എത്തി. ഒരു സെറ്റ് പീസ് നന്നായി ഡിഫൻഡ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. ഇത് മുതലെടുത്ത് റൗളിംഗ് ബോർജസ് ആണ് വല കുലുക്കിയത്. അധികം വൈകാതെ മുഹമ്മദ് യാസിറിലൂടെ ഗോവ ലീഡ് ഇരട്ടിയാക്കി. 17ആം മിനുട്ടിൽ നോവ ഇടതു വിങ്ങിൽ നിന്ന് നൽകിയ ഒരു ലോ ക്രോസിൽ നിന്നായിരുന്നു യാസിറിന്റെ ഗോൾ. സ്കോർ 2-0
മറുവശത്ത് ബ്ലാസ്റ്റേഴ്സ് ദിമിയിലൂടെ നല്ല നീക്കങ്ങൾ നടത്തി എങ്കിലും ഗോൾ മാത്രം വന്നില്ല. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഉറച്ചാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. 51ആം മിനുട്ടിൽ ഡെയ്സുകെ ഒരു ഫ്രീകിക്കിലൂടെ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ മടക്കി. ഡയറക്ട് ഫ്രീകിക്കിലൂടെ ആയിരുന്നു ഡെയ്സുകെയുടെ ഗോൾ. സ്കോർ 1-2.
ബ്ലാസ്റ്റേഴ്സ് പിന്നീട് എല്ലാം നൽകി സമനില ഗോളിനായി ശ്രമിച്ചു. അവ്സാനം 80ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു പെനാൾട്ടി കിട്ടി. ദിമി സമ്മർദ്ദങ്ങൾ എല്ലാം മറികടന്ന് പന്ത് വലയിൽ എത്തിച്ചു. സ്കോർ 2-2.
കേരള ബ്ലാസ്റ്റേഴ്സ് നിർത്തിയില്ല. 84ആം മിനുട്ടിൽ വീണ്ടും ദിയമന്റകോസിന്റെ ഫിനിഷ്. ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ് കയ്യിൽ ഒതുക്കുന്നതിൽ ഗോവ ഗോൾ കീപ്പർ പരാജയപ്പെട്ടപ്പോൾ അവസരം മുതലാക്കി ആയിരുന്നു ദിമിയുടെ ഫിനിഷ്. സ്കോർ 3-2. അവിസ്മരണീയമായ നിമിഷം. ദിമിയുടെ സീസണിലെ പത്താം ഗോളായിരുന്നു ഇത്.
ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. 88ആം മിനുറ്റിൽ ഫെഡോർ ചെർനിച് തന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് അറിയിച്ചു ഗോൾ നേടി വിജയം ഉറപ്പിച്ചു. ഒരു പവർഫുൾ ഷോട്ടിൽ നിയർ പോസ്റ്റിൽ ഗോളിയെ കീഴ്പ്പെടുത്തിയാണ് ചെർനിച് തന്റെ ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ ഗോൾ നേടിയത്. സ്കോർ 4-2
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 29 പോയിന്റുമായി ഗോവയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് എത്തി. ഗോവ 28 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.