കേരള ബ്ലാസ്റ്റേഴ്സിൻ്റെ നിയുക്ത കോച്ചായ മൈക്കൽ സ്റ്റാഹ്റേക്ക് ജൻമനാടായ സ്റ്റോക്ക്ഹോമിൽ ഫാൻസ് സ്വീകരണം നൽകി. സ്വീഡിഷ് കൾച്ചറൽ ചായസൽക്കാര രീതിയായ ഫീക ഒരുക്കിയാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ് കോച്ചിനെ കണ്ടത്. ജൂൺ 26ന് വൈകുന്നേരം സ്റ്റോക്ഹോമിലെ ലില്യേഹോംസ്ടോറിയറ്റ് മാളിൽ വച്ചാണ് പരുപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് കോച്ചായ ബ്യോണും പങ്കെടുക്കാമെന്ന് ഏറ്റിരുന്നതാണെങ്കിലും അവസാനനിമിഷമുണ്ടായ തിരക്ക് മൂലം അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല.
കോച്ച് മൈക്കിലിനെ ആദ്യമേ തന്നെ പൂച്ചെണ്ട് കൊടുത്ത് സ്വീകരിച്ചതിന് ശേഷം ഫീക സംഘടിപ്പിക്കുകയായിരുന്നൂ. കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ഫാൻ ബേസിനെ പറ്റി തന്നെയായിരുന്നു കോച്ച് ആദ്യം പറഞ്ഞ് തുടങ്ങിയതും. തായ്‌ലൻഡിലും ചൈനയിലും പരിശീലകനായിരുന്ന കാലത്ത് ഏഷ്യ തന്നെയാണ് തനിക്ക് പറ്റിയ സ്ഥലമെന്ന് ഉറപ്പിച്ചിരുന്നൂ എന്നും ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തീരുമാനിച്ചതിൻ്റെ പ്രധാന ഘടകങ്ങളിലൊന്ന് ഈ ‘ഹ്യൂജ് ഫാൻബേസ്’ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലകനാകുന്നൂ എന്ന വാർത്ത പുറത്ത് വന്ന ഒറ്റ ദിവസം കൊണ്ട് മാത്രം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൻ്റെ ഫോളോവേഴ്സ് കൗണ്ട് കണ്ട് അത്ഭുതപ്പെട്ടു പോയി എന്നും അദ്ദേഹം പറഞ്ഞു. ഫാൻസിനെ പറ്റി പറയുമ്പോഴൊക്കെ അദ്ദേഹത്തിന്റെ വാക്കുകളിൽ ആവേശം നിറഞ്ഞ് നിന്നിരുന്നു.
തായ്‌ലൻഡിൽ വച്ച് നടക്കുന്ന പ്രീസീസൺ ക്യാമ്പിന് വേണ്ടി തിങ്കളാഴ്ച യാത്ര തിരിക്കുമെന്നും അതിന് ശേഷം ഡ്യൂറൻ്റ് കപ്പിൽ പങ്കെടുക്കുവാനായി ഇന്ത്യയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കോച്ചായ ബ്യോണിൻ്റെ കൂടെ മുമ്പ് ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ടായിരുന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ടെന്നും, ഫ്രെഡറികോ ന്യൂ ജനറേഷൻ രീതിയിലുള്ള ഫുട്ബാൾ അനാലിസിസ് നടത്തുന്നത് ടീമിന് മുതൽക്കൂട്ട് ആയിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തിൽ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളെപ്പറ്റിയും ഉറപ്പായും കഴിച്ചിരിക്കേണ്ട വിഭവങ്ങളെപ്പറ്റിയുമൊക്കെ അദ്ദേഹം ചോദിച്ചറിഞ്ഞത് മനസ്സ് കൊണ്ട് എത്രത്തോളം അദ്ദേഹം ടീമിൻ്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നൂ എന്നതിന് തെളിവായിരുന്നൂ. നാട്ടിലെത്തുമ്പോൾ കാണികൾ ‘ആശാനേ’ എന്ന് വിളിക്കാനാണ് സാധ്യത എന്ന് കേട്ടപ്പോൾ ആ വാക്കിന്റെ അർത്ഥം ആരായുകയും അർത്ഥമറിഞ്ഞപ്പോൾ അദ്ദേഹം ‘ആശാൻ’ എന്ന് പുഞ്ചിരിയോടെ റിപ്പീറ്റ് ചെയ്ത് പറഞ്ഞതും ആരാധകരും ആവേശത്തോടെയാണ് കേട്ടിരുന്നത്.
ഒരു മണിക്കൂറിലധികം ആരാധകരോടൊത്ത് ചിലവഴിച്ചതിന് ശേഷം മഞ്ഞപ്പടയുടെ ഷാളും തൊപ്പിയും ഏറ്റുവാങ്ങി അവർക്കൊപ്പം ഫോട്ടോയും എടുത്താണ് കോച്ച് മടങ്ങിയത്. ‘Start to realize that I am part of a fantastic club with fans all over the world’ എന്ന ക്യാപ്ഷനുമിട്ടാണ് കോച്ച് സെൽഫി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. മഞ്ഞപ്പട ഗ്ലോബൽ പ്രതിനിധികളായ സോമു പി ജോസഫ് പരിപാടി കോഓർഡിനേറ്റ് ചെയ്യുകയും, സ്റ്റോക്ഹോമിൽ ഷിമിൻ ജോർജ്ജ് തോമസ് പരിപാടിക്ക് നേതൃത്വം നൽകകുകയും ചെയ്തു.