അവസാന ലാപ്പിൽ പ്ലേ ഓഫ് പിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്, മാനം കാക്കാൻ കൊൽക്കത്ത

yaseen

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ തമ്മിലുള്ള മത്സരത്തിൽ ഇന്ന് കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും ഏറ്റുമുട്ടും. കഴിഞ്ഞ നാല് മത്സരങ്ങളും തുടർച്ചയായി തോറ്റാണ് എ.ടി.കെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്. അതെ സമയം കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് കേരളം ഇന്നിറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് നിലയിൽ ജാംഷെദ്പുരിനെ മറികടന്ന്  നാലാം സ്ഥാനത്തെത്താം. 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചാൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കുകയും ചെയ്യാം. കഴിഞ്ഞ 6 മത്സരങ്ങളിൽ നാലും ജയിച്ചതും കേരളത്തിന് ആത്മവിശ്വാസം നൽകും. ഇയാൻ ഹ്യൂമിന്റെ പരിക്കാണ് കേരളത്തെ വലക്കുന്ന കാര്യം. ജനുവരിയിൽ 5 ഗോൾ നേടി ടീമിന്റെ നെടും തൂണായ ഇയാൻ ഹ്യൂം പരിക്ക് മൂലം ഈ സീസൺ മുഴുവൻ നഷ്ടമാകും എന്നത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും. മുൻ മത്സരങ്ങളിലെ മഞ്ഞക്കാർഡുകൾ കാരണം ഒരു മത്സരത്തിൽ നിന്നും സസ്പെൻഷൻ നേരിടുന്ന ക്യാപ്റ്റനും ടീമിന്റെ നട്ടെല്ലുമായ സന്ദേശ് ജിങ്കൻ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.

അവസരോചിതമായി ടീമിനെ മുന്നോട്ട് നയിക്കുകയും ഗോൾ നേടുകയും ചെയ്യുന്ന ജാക്കി – വിനീത് മുന്നേറ്റ നിരയിൽ ആണ് ഇക്കുറിയും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകൾ. ആക്രമണത്തിന് അവർക്കൊപ്പം പെക്കുസണും ജനുവരിയിൽ ടീമിൽ ഇടം നേടിയ ഗുഡ്ജോൺ ബാൽവിൻസണും കൂടെ ചേരുമ്പോൾ ആക്രമണത്തിന് മൂർച്ച കൂടും. ആരെയും തടയാൻ താൻ പാകപെട്ടു എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ പുനെ – ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ലാൽരുവതാര എന്ന യുവ പ്രതിഭയുടെ പ്രകടനം. പരിക്ക് മാറി ബെർബെറ്റോവ് ഇന്ന് ആദ്യ പതിനൊന്നിൽ ഇടം പിടിക്കുമെന്ന് ഉറപ്പില്ല. അതെ സമയം ജനുവരിയിൽ ടീമിലെത്തിയ പുൾഗ ഇന്ന് ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാർക്ക് ഒട്ടും യോജിച്ചതല്ലാത്ത ഒരു പ്രകടനത്തിലൂടെയാണ് കൊൽക്കത്ത ഈ സീസൺ കടന്നു പോയി കൊണ്ടിരിക്കുന്നത്. പുതിയ കോച്ചിന് കീഴിൽ ജയം കണ്ടെത്താൻ പാടുപെടുന്ന കൊൽക്കത്തയ്ക്ക്  ഇന്ന് ജയിച്ചു അവസാന ആറിൽ എങ്കിലും എത്താനാവും ശ്രമം. ഹോം ഗ്രൗണ്ട് ആനുകൂല്യവും റോബി കീനിനെ പോലുള്ളവരുടെ സാന്നിധ്യവും വിജയമാക്കാൻ കഴിയുമോ കൊൽക്കത്തയ്ക്ക് എന്നത് കാത്തിരുന്നു കാണാം. അതെ സമയം റോബി കീനിന് പരിക്ക് മൂലം ഇന്നത്തെ മത്സരം നഷ്ടമാവാനും സാധ്യതയുണ്ട്. സീസണിന്റെ തുടക്കത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിലാവസാനിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial