ഇന്ന് കൊച്ചിയിൽ ചെന്നൈയിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ 2-3ന് പിറകിൽ. ഗോൾ ഒഴുകിയ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിക്കാൻ ചെന്നൈയിനായി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ജോർദൻ മറെ ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ ചെന്നൈയിനായി നേടി.
ഇന്ന് അപ്രതീക്ഷിത തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. ആദ്യ മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിൽ ആയി. ക്രിവെലാരോ ഒരു ഫ്രീകിക്കിൽ നിന്ന് ചെന്നൈയിന് ലീഡ് നൽകുക ആയിരുന്നു. സ്കോർ 0-1. പക്ഷെ അധികം വൈകാതെ തിരിച്ചടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. ക്വാമെ പെപ്രയെ വീഴ്ത്തിയതിന് പതിനൊന്നാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് ഒരു പെനാൾട്ടി കിട്ടി. ആ പെനാൾട്ടി ദിമി വലയിൽ എത്തിച്ചു. സ്കോർ 1-1
എന്നാൽ സമനില അധികം നീണ്ടു നിന്നില്ല. 14ആം മിനുട്ടിൽ നവോചയുടെ ഒരു ഫൗളിന് ചെന്നൈയിനും ഒരു പെനാൾട്ടി കിട്ടി. ആ പെനാൾട്ടി മറേ ലക്ഷ്യത്തിൽ എത്തിച്ച് അവർക്ക് വീണ്ടും ലീഡ് നൽകി. സ്കോർ 1-2. അവിടെ തീർന്നില്ല 24ആം മിനുട്ടിൽ മറേ വീണ്ടും ബ്ലാസ്റ്റേഴ്സ് വലയിലേക്ക് പന്ത് എത്തിച്ചു. സ്കോർ 1-3
കേരള ബ്ലാാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. 37ആം മിനുട്ടിൽ പെപ്രയുടെ സ്ട്രൈക്ക് ദെബിജിതിനെ മറികടന്ന് വലയിലേക്ക്. പെപ്രയുടെ സീസണിലെ ആദ്യ ഗോളായി. സ്കോർ 2-3.