കേരള ബ്ലാസ്റ്റേഴ്സ് ക്ലബുമായുള്ള കരാർ രണ്ട് വർഷത്തേക്കുകൂടി നീട്ടി ബൈജൂസ്, പ്രിൻസിപ്പൽ സ്പോൺസറായി തുടരും
കൊച്ചി, ഒക്ടോബർ 11, 2022: ലോകത്തിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയായ ബൈജൂസ്, ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഒമ്പതാം പതിപ്പിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പ്രധാന സ്പോൺസർമാരായി തുടരും. രണ്ട് വർഷത്തേക്ക് കൂടി ബൈജൂസുമായുള്ള കരാർ നീട്ടിയതായി കെബിഎഫ്സി പ്രഖ്യാപിച്ചു. ഇതോടെ ഇരു ബ്രാൻഡുകളും തമ്മിലുള്ള പങ്കാളിത്തം ഈ സീസണിൽ തുടർച്ചയായ മൂന്നാം വർഷത്തിലേക്ക് ചുവടുവച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി, ഔദ്യോഗിക കെബിഎഫ്സി ജേഴ്സിയുടെ മുന്‍വശത്ത് ബൈജൂസ് ലോഗോയുടെ മുദ്രണവും തുടരും.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തം പുതുക്കാനും തുടരാനും കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ബൈജൂസ് മാർക്കറ്റിങ് ഹെഡ് അതിത് മേത്ത പറഞ്ഞു. ഒരു വ്യക്തിയുടെ ആകമാനമായ വികസനത്തിൽ സ്‌പോർട്‌സിന് അവിഭാജ്യ പങ്കുണ്ടെന്ന് ബൈജൂസിൽ ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു. കൂട്ടായ പ്രവർത്തനം, അച്ചടക്കം, സ്വഭാവഗുണം, ആത്മവിശ്വാസം, പ്രതിരോധം തുടങ്ങിയ വിലമതിക്കാനാവാത്ത പാഠങ്ങളുടെ മികച്ച വഴികാട്ടികളാണ് ഫുട്ബോൾ പോലുള്ള ടീം സ്പോർട്സുകൾ. ഫുട്ബോൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതുപോലെ, ഒരു ലേണിങ് കമ്പനി എന്ന നിലയിൽ ഞങ്ങളും ഓരോ കുട്ടിയുടെ ജീവിതത്തിലും പഠനത്തോടുള്ള ഇഷ്ടം പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ ഇനിയുള്ള മത്സരങ്ങളിൽ എല്ലാവിധ ആശംസകളും നേരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈജൂസിനെ, രണ്ട് വർഷത്തേക്ക് കൂടി തിരികെ സ്വാഗതം ചെയ്യുന്നതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആവേശഭരിതരാണെന്ന് കരാർ വിപുലീകരണ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. നമ്മുടെ യുവാക്കളെ ശാക്തീകരിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഞങ്ങളുടെ അതേ കാഴ്ചപ്പാടും ഉദ്ദേശ്യവും പങ്കിടുന്ന ബൈജൂസുമായി ഒരുമിച്ച് ഈ യാത്ര തുടരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഒരുമിച്ച്, വിദ്യാഭ്യാസത്തിലൂടെയും കായികരംഗത്തിലൂടെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളെ ശാക്തീകരിക്കാനും, അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും സഹായിക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു-നിഖിൽ ഭരദ്വാജ് കൂട്ടിച്ചേർത്തു.