ഒരു ഗോൾ അങ്ങോട്ട് ദാനം, ഒരു ഗോൾ ഇങ്ങോട്ടും ദാനം!! സമനിലയിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു പോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി പോരാട്ടം അവസാന നിമിഷങ്ങളിലെ നാടകീയതയ്ക്ക് ഒടുവിൽ 1-1 എന്ന സമനിലയിൽ അവസാനിച്ചു. കേരള ഗോൾ കീപ്പർ ആൽബിനോ ഒരു ഗോൾ ബെംഗളൂരു എഫ് സിക്ക് സമ്മാനിച്ചപ്പോൾ മറുവശത്ത് ആശിഖിന്റെ ഒരു സെൽഫ് ഗോൾ കേരളത്തിനു ലഭിക്കുക ആയിരുന്നു.

ഇന്ന് അധികം അവസരങ്ങൾ ഇരുടീമുകളും സൃഷ്ടിക്കാത്ത ആദ്യ പകുതിയാണ് ഇന്ന് കാണാൻ കഴിഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ ടാർഗറ്റിലേക്ക് ഒരു ഷോട്ട് തൊടുക്കാൻ വരെ ആയില്ല. തുടക്കത്തിൽ തന്നെ ജീക്സന്റെ ഒരു ലോങ് ഷോട്ട് ഉണ്ടായിരുന്നു എങ്കിലും പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന് അധികം അറ്റാക്ക് നടത്താൻ ആയില്ല.

സഹൽ അബ്ദുൽ സമദിലൂടെ ഇടതു ഭാഗത്തു കൂടെ നടത്തിയ ഒരു അറ്റാക്കിംഗ് മൂവായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയിലെ ഏറ്റവും മികച്ച നിമിഷം. സഹൽ 6 യാർഡ് ബോക്സിലേക്ക് നൽകിയ അപകടകാരിയായ പന്ത് കണക്ട് ചെയ്യാൻ പക്ഷെ വിൻസി ബരെറ്റോയ്ക്ക് ആയില്ല. മറുവശത്ത് ബെംഗളൂരു എഫ് സിക്കും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല.

രണ്ടാം പകുതിയിൽ ബെംഗളൂരു എഫ് സി ആണ് കൂടുതൽ നല്ല അറ്റാക്കുകൾ നടത്തിയത്. എങ്കിലും രണ്ട് ടീമിനും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ടാം പകുതിയിലും ആയില്ല. ഡിയസിനെ സബ്ബായി എത്തിച്ചും കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിന് മൂർച്ച കൂട്ടാൻ ശ്രമിച്ചു. അദ്ദേഹത്തിനും ടീമിനെ സഹായിക്കാൻ ആയില്ല. 83ആം മിനുട്ടിൽ ഒരു ത്രോയിൽ നിന്ന് ക്ലൈറ്റൻ സില്വയിലൂടെ ബെംഗളൂരു ഗോളിനടുത്ത് എത്തി എങ്കിലും ആൽബിനോ ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു.

പക്ഷെ ഇതേ ആൽബിനോ തന്നെ തൊട്ടടുത്ത മിനുട്ടിൽ വില്ലനായി. ആശിഖ് കുരുണിയൻ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് എളുപ്പം പിടിക്കാൻ ആകുമായിരുന്നു എങ്കിലും ആൽബിനോ ആ പന്ത് കൈക്കലാക്കിയ ശേഷം അതിനെ സ്വന്തം വലയിലേക്ക് തന്നെ നയിച്ചു. ഒരു പ്രൊഫഷൺ കീപ്പറിൽ നിന്ന് സംഭവിക്കാവുന്ന പിഴവായിരുന്നില്ല ഇത്. ആൽബിനോ ഗോമസിന്റെ കേരള ബ്ലാസ്റ്റേഴ്സ് വലയ്ക്കു മുന്നിലെ പ്രകടനങ്ങളിൽ ആരാധകർ എന്തു കൊണ്ടാണ് അതൃപ്തി പ്രകടിപ്പിക്കുന്നത് എന്ന് ഇന്നത്തെ മത്സരത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് മനസ്സിലായിക്കാണും.

പക്ഷെ ഈ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് തളർന്നില്ല. പെട്ടെന്ന് തന്നെ പ്രതികരിച്ച ബ്ലാസ്റ്റേഴ്സ് തുടരാക്രമണങ്ങളുമായി ബെംഗളൂരു ഗോൾ മുഖത്തേക്ക് കുതിച്ചു. അവസാനം ലെസ്കോവിചിന്റെ ഒരു ഗോൾ ശ്രമം ആശിഖിന്റെ വലിയ സഹായത്തോടെ വലയിൽ പതിച്ചു. സ്കോർ 1-1.

ലീഗിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു പോയിന്റുമായി എട്ടാമത് നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്