നാളെ ഐ എസ് എൽ സീസണ് തുടക്കമാവുകയാണ്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള പോരാട്ടത്തിലൂടെയാണ് സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും പ്ലേ ഓഫിൽ ഏറ്റുമുട്ടിയതും അന്ന് ഉണ്ടായ വിവാദങ്ങളും ഇപ്പോൾ ഒരു കാർമേഘമായി ഇരു ക്ലബുകൾക്ക് ഇടയിൽ നിൽക്കുന്നുണ്ട്. എന്നാൽ അന്നത്തെ വിവാദത്തിൽ ബെംഗളൂരു എഫ് സിക്ക് ഒരു പങ്കും ഇല്ലായിരുന്നു എന്ന് ബെംഗളൂരു പരിശീലകൻ സിമോൺ ഗ്രേസൺ ഇന്ന് പറഞ്ഞു.
അന്ന് കേരള ബ്ലാസ്റ്റേഴ്സ് അവർക്ക് ചെയ്യാനുള്ള ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും തീരുമാനങ്ങൾ എടുത്തു. എനിക്കോ ബെംഗളൂരു എഫ് സിക്കോ ആ വിവാദത്തിൽ ഒരു റോളും ഉണ്ടായിരുന്നില്ല. ബെംഗളൂരു പരിശീലകൻ പറഞ്ഞു. ആ വിവാദങ്ങൾ അവസാനിച്ചത് ആണെന്നും ഇത് പുതിയ സീസണും പുതിയ ടൂർണമെന്റും ആണെന്നും കോച്ച് പറഞ്ഞു. എതിരാളികൾ ആരായാലും ഞങ്ങൾ ഒരു പോലെ ആ കളിക്കായി തയ്യാറാകേണ്ടതുണ്ട് എന്നും ഉദ്ഘാടന മത്സരത്തിന് ബെംഗളൂരു തയ്യാറാണ് എന്നും കോച്ച് പറയുന്നു.
കഴിഞ്ഞ സീസൺ പ്ലേ ഓഫിൽ ഛേത്രി ഒരു വിവാദ ഗോൾ നേടുകയും അതിനാൽ ബ്ലാസ്റ്റേഴ്സ് ടീം ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. ബ്ലാസ്റ്റേഴ്സ് അതിനു ശേഷം വലിയ നടപടി നേരിടുകയും ചെയ്തു. കോച്ച് ഇവാൻ വുകമാനോവിച് ഇപ്പോഴും വിലക്ക് നേരിടുകയാണ്.