കൊച്ചിയിൽ ഇന്ന് ബെംഗളൂരു എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പരാജയം. ഒന്നിനെതിരെ 3 ഗോളുകൾക്ക് ആയിരുന്നു ബെംഗളൂരു എഫ് സിയുടെ വിജയം. 3ൽ 2 ഗോളുകളും ഡിഫൻസീവ് മിസ്റ്റേക്കിലൂടെയാണ് വന്നത് എന്നത് ബ്ലാസ്റ്റേഴ്സിന് കൂടുതൽ വേദന നൽകും.
മത്സരം ആരംഭിച്ചു ഏഴാം മിനുട്ടിൽ തന്നെ ഇന്ന് ബെംഗളൂരു എഫ് സി മുന്നിലെത്തി. പ്രിതം കൊടാലിന്റെ ഒരു പിഴവ് ആണ് വിനയായത്. പ്രിതത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത ഡിയസ് സോം കുമാറിനെ ചിപ് ചെയ്ത് പന്ത് വലയിൽ എത്തിക്കുകയായിരുന്നു.
ഒരു ഗോളിന് പിറകിലായ ശേഷം ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ പ്രതികരിച്ചു. 10ആം മിനുട്ടിൽ ജിമിനസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിയാണ് പുറത്തു പോയത്. തൊട്ടു പിന്നാലെ പെപ്ര തൊടുത്ത ഒരു ഷോട്ട് ഗുർപ്രീത് തടയുകയും ചെയ്തു.
30ആം മിനുട്ടിൽ പെനാൾട്ടൈ ബോക്സിന് തൊട്ടു പിറകിൽ വെച്ച് ലഭിച്ച ഫ്രീകിക്ക് ലൂണയ്ക്ക് ടാർഗറ്റിൽ എത്തിക്കാൻ ആയില്ല. 44ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് തിരികെ വന്നു. പെപ്രയുടെ ഒരു ഗംഭീര റൺ തടയാൻ ഫൗൾ ചെയ്തിടുക മാത്രമെ വഴിയുണ്ടായിരുന്നുള്ളൂ. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ജിമിനസ് ബ്ലാസ്റ്റേഴ്സിനെ ഒപ്പം എത്തിച്ചു. ബെംഗളൂരു എഫ് സി ലീഗിൽ വഴങ്ങുന്ന ആദ്യ ഗോൾ. സ്കോർ 1-1.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു തന്നെ കളിച്ചു. ഡാനിഷിനു പകരം ബ്ലാസ്റ്റേഴ്സ് ഫ്രെഡിയെ കളത്തിൽ എത്തിച്ചു. ബെംഗളൂരു ഡിഫൻസിൽ ഊന്നിയാണ് രണ്ടാം പകുതിയിൽ കളിച്ചത്. 73ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു അബദ്ധം ബെംഗളൂരുവിന് രണ്ടാം ഗോൾ സമ്മാനിച്ചു.
ഇത്തവണ ഗോൾ കീപ്പർ സോം കുമാർ അനായാസം കൈക്കലാക്കാവുന്ന ഒരു പന്ത് നഷ്ടമാക്കിയത് ആണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. സോം കുമാറിന്റെ കൈകളിൽ നിന്ന് വീണ പന്ത് എഡ്ഗർ മെൻഡസ് വലയിൽ എത്തിച്ചു. സ്കോർ 1-2. ഇതിൽ നിന്ന് തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്സിന് ആയില്ല.
81ആം മിനുട്ടിൽ ജിമിനസിന്റെ ഒരു പാസിൽ സ്വീകരിച്ച് പെപ്ര ഗോളിന് തൊട്ടു മുന്നിൽ എത്തിയെങ്കിലും ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്ത് പോയി. 83ആം മിനിട്ടിലെ പെപ്രയുടെ ഷോട്ട് ഗുർപ്രീത് തടയുകയും ചെയ്തു. പിറകെ ഡിഞ്ചിചിനെ സ്റ്റാറെ കളത്തിൽ എത്തിച്ചു. ഡിഫൻസിൽ അല്ല അറ്റാക്കിൽ ആയിരുന്നു ഡ്രിഞ്ചിച് കളിച്ചത്. ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം വരെ അറ്റാക്ക് ചെയ്തെങ്കിലും സമനില ഗോൾ വന്നില്ല. അവസാന നിമിഷം വീണ്ടും എഡ്ഗർ ഗോൾ കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ തോൽവി ഉറപ്പായി.
ഈ തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സ് 8 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്. 16 പോയിന്റുമായി ബെംഗളൂരു എഫ് സി ലീഗിന്റെ തലപ്പത്ത് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്നു.